പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ബാഴ്‌സ, കാത്തിരുന്ന വാര്‍ത്തയെത്തി

ആശങ്കൾക്കൊടുവിൽ പുതിയ പരിശീലകനെ ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് . ചാമ്പ്യൻസ്‌ലീഗിലേറ്റ എട്ടുഗോളിന്റെ ദയനീയ തോൽവിക്ക് ശേഷം കീക്കെ സെറ്റിയനെ പുറത്താക്കിയിരുന്നു. പുതിയ പരിശീലകസ്ഥാനത്തേക്ക് ആരുവരുമെന്ന ആരാധകരുടെ ആകാംഷകൾക്ക് വിരാമമിട്ടുകൊണ്ടാണ് കൂമാനെ ബാഴ്‌സ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് വർഷത്തെ കരാറിലാണ് ഇദ്ദേഹം പരിശീലകസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. കരാർ പ്രകാരം 2022 ജൂൺ 30 വരെ കൂമാൻ ക്ലബിനോടൊപ്പം ഉണ്ടാവും. ബാഴ്സയുടെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ഹോളണ്ട് ദേശിയ ടീമിന്റെ പരിശീലകൻ ആയിരുന്നു അദ്ദേഹം. ആ സ്ഥാനം രാജിവെച്ചു കൊണ്ടാണ് ബാഴ്സ പരിശീലകനായി ചുമതലയേൽക്കുന്നത്.

1989 മുതൽ 1995 വരെ ബാഴ്സക്കു വേണ്ടി ബൂട്ടുകെട്ടിയ താരമാണ് റൊണാൾഡ്‌ കൂമാൻ. കാറ്റാലൻ ടീമിനു വേണ്ടി 264 മത്സരങ്ങൾ കളിച്ച താരം 88 ഗോളുകൾ ബാഴ്സ ജേഴ്‌സിയിൽ നേടിയിട്ടുണ്ട്. ബാഴ്സക്ക് ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത താരമാണിദ്ദേഹം. 1992-ൽ വെംബ്ലി സ്റ്റേഡിയയിൽ വെച്ച് നടന്ന ഫൈനലിൽ സാംപടോറിയക്കെതിരെ കൂമാന്റെ ഏകഗോളിലാണ് ആ അവിസ്മരണീയ നേട്ടം ബാഴ്‌സ സ്വന്തമാക്കിയത്.

ബാഴ്സയ്ക്കൊപ്പം പത്ത് കിരീടങ്ങൾ കൂമാനു നേടാനായിട്ടുണ്ട്. ഒരു യൂറോപ്യൻ കപ്പ് (ചാമ്പ്യൻസ് ലീഗ്), 4 ലാലിഗ, 3 സ്പാനിഷ് സൂപ്പർ കപ്പ്, ഒരു കോപ ഡെൽ റേ, ഒരു യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവയാണവ. പരിശീലകൻ എന്ന നിലയിലും പരിചയസമ്പന്നനാണ് കൂമാൻ. പ്രീമിയർ ലീഗ്, ലാലിഗ, പോർച്ചുഗീസ് ലീഗ്, ഡച്ച് ലീഗ് എന്നിവയിൽ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. മുൻപ് ബാഴ്സയിലും സഹപരിശീലകസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ടീമിനെ പുനർനിർമിക്കുക എന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിനു മുന്നിലുള്ളത്.

You Might Also Like