റൊമേറോയോട് യുണൈറ്റഡ് കാണിക്കുന്നത് ക്രൂരതയോ? ബെക്കാമിന്റെ ഇന്റർ മിയാമി ട്രാൻസ്ഫറും ഒഴിവാക്കി യുണൈറ്റഡ്

പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാം കീപ്പർ പദവിയിലേക്ക് ചുരുങ്ങേണ്ടി വന്ന ഗോൾകീപ്പറാണ് അർജന്റൈൻ താരം സെർജിയോ റോമെറോ. ഷെഫീൽഡ് യുണൈറ്റഡിൽ നിന്നും ഡീൻ ഹെൻഡേഴ്സന്റെ വരവോടെ റൊമേറോയേ യുണൈറ്റഡ് തഴയുകയായിരുന്നു. ഇത്തവണ പ്രീമിയർ ലീഗിലും ചാംപ്യൻസ്‌ലീഗിലും ഇനി താരത്തിനു കളിക്കാനാവില്ലെന്നു യുണൈറ്റഡ് വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ എവർട്ടണിൽ നിന്നും താരത്തിനു ഓഫറുകൾ വന്നിരുന്നു. എന്നാൽ വമ്പൻ തുക ആവശ്യപ്പെട്ടതോടെ ആ ദൗത്യത്തിൽ നിന്നും പിന്തിരിയുകയായിരുന്നു. ഇത് റൊമേറോയെ നിരാശനാക്കിയിരുന്നു. ക്ലബ്ബ് വിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ യുണൈറ്റഡിനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനവുമായി റൊമേറോയുടെ ഭാര്യയും രംഗത്തെത്തിയിരുന്നു.

എവർട്ടനൊപ്പം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയും താരത്തിനായി രംഗത്തുണ്ടായിരുന്നു. ആഴ്ചയിൽ ഒരു ലക്ഷം യൂറോയായിരുന്നു മിയാമിയുടെ വാഗ്ദാനം. ഈ വെള്ളിയാഴ്ച അമേരിക്കൻ സോക്കർ ലീഗിന്റെ ട്രാൻസ്ഫർ ജാലകം അടക്കുന്നതോടെ റോമേറോയുടെ ആ പ്രതീക്ഷയുടെ വാതിലും അടഞ്ഞിരിക്കുകയാണ്. യുണൈറ്റഡുമായി ഇതുവരെയും കരാറിലെത്താഞ്ഞതാണ് റോമേറോക്ക് തിരിച്ചടിയായത്.

യുണൈറ്റഡിൽ യുവഗോൾകീപ്പർ ലീ ഗ്രാന്റിനും പുറകിലായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ റൊമേറോയുടെ യുണൈറ്റഡിലെ കരിയറിന് വിരാമമായിരിക്കുകയാണ്. ഇനി ക്ലബ്ബ് വിടാനായി ജനുവരി ട്രാൻസ്ഫർ ജാലകം തുറക്കുന്നതുവരെ റോമേറോക്ക് കാത്തിരിക്കേണ്ടിവരും. ഈ സീസണവസാനം വരെ യുണൈറ്റഡിൽ കരാറുണ്ടെങ്കിലും ജനുവരിയിൽ തന്നെ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് റോമേറോ.

You Might Also Like