യുണൈറ്റഡ് വിട്ടത് നന്നായി, ലുക്കാക്കുവിന് ഇന്ററില്‍ തകര്‍പ്പന്‍ നേട്ടം

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം ഫോമിന്റെ പേരിൽ ഏറെ പഴികേട്ട താരമാണ് റൊമേലു ലുക്കാക്കു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ഇന്റർമിലാനിലേക്ക് ചേക്കേറിയ താരം ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെയുടെ കീഴിൽ പുതുജീവൻ നേടിയിരിക്കുകയാണ്.വെറും പന്ത്രണ്ട് മാസങ്ങൾ കൊണ്ടാണ് റൊമേലുവിന്റെ ശ്രദ്ധേയമായ മാറ്റം.

റൊമേലു ലുക്കാക്കു ഇന്റർമിലാനിൽ എത്തും മുമ്പ് തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു താരം യുണൈറ്റഡിൽ കാഴ്ച്ചവെച്ചിരുന്നത്. 45 മത്സരങ്ങളിൽ നിന്ന് കേവലം 15 ഗോളുകൾ മാത്രമാണ് ലുക്കാക്കുവിന്റെ നേട്ടം. എന്നാൽ ഈ സീസണിൽ ഇന്ററിനു വേണ്ടി ആകെ താരം അടിച്ചു കൂട്ടിയത് മുപ്പത്തിമൂന്ന് ഗോളുകളാണ്. അതായത് കരിയറിലെ മോശം പ്രകടനത്തിൽ നിന്നും മികച്ച പ്രകടനത്തിലേക്കുള്ള ദൂരം വെറും പന്ത്രണ്ട് മാസങ്ങളാണ്.

യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ ഷാക്തർ ഡോണെസ്‌കിനെതിരെ ഇരട്ടഗോളുകൾ നേടി ഇന്ററിനെ ഫൈനലിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചിരുന്നു. സെവിയ്യയെ ഫൈനലിൽ നേരിടാൻ പോവുമ്പോഴും താരത്തിന്റെ കാലുകളിൽ തന്നെയാണ് ഇന്ററിന്റെ പ്രതീക്ഷ. അതേസമയം ഇന്റർ മിലാന്റെ മറ്റൊരു റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ലുക്കാക്കു. ഇന്ററിന് വേണ്ടി എല്ലാ കോംപിറ്റീഷനുകളിലുമായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ പേരിലാണ്.

1997/98 സീസണിൽ 33 ഗോളുകൾ നേടിയ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താൻ ലുക്കാക്കുവിന് കഴിഞ്ഞു. യൂറോപ്പ ഫൈനലിൽ ഒരു ഗോൾ കൂടി നേടാനായാൽ ഇതിഹാസത്തിന്റെ റെക്കോർഡ് തകർക്കാൻ ലുക്കാക്കുവിന് സാധിച്ചേക്കും. ലുക്കാക്കുവിനെ കൂടാതെ യുണൈറ്റഡിൽ നിന്നെത്തിയ മറ്റ് രണ്ട് പേരും ഇന്ററിൽ മിന്നും ഫോമിൽ ആണ്. അലക്സിസ് സാഞ്ചസും ആഷ്‌ലി യങ്ങും. ഇരുവരും ഈ സീസണിൽ ഇന്ററിന്റെ വിജയകുതിപ്പിൽ വലിയ പങ്കാണുള്ളത്.

You Might Also Like