ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ലുക്കാക്കു, ക്ലബ് ഇടപെട്ട് മാപ്പ് പറയിപ്പിച്ചു

Image 3
Football

കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഞെട്ടിക്കുന്ന വെലിപ്പെടുത്തലുമായി ഇന്റര്‍ മിലാന്‍ താരം റൊമേലു ലുക്കാക്കു. കൊറോണ വൈറസിന്റെ ആദ്യ നാളുകളില്‍ ഇന്റര്‍ മിലാനിലെ 25 താരങ്ങളില്‍ 23 പേര്‍ക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ലുക്കാക്കു വെളിപ്പെടുത്തിയത്.

എന്നാല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ക്ലബ് ഇടപെട്ട് താരത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയായിരുന്നു. രു ബല്‍ജിയം ചാനലിന്റെ പ്രതിനിധിയുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റിലാണ് ലുക്കാകു വെളിപ്പെടുത്തിയത്.

ജനുവരിയിലാണ് താരങ്ങള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതെന്ന് ലുക്കാക്കു പറയുന്നു. അന്ന് വ്യക്തമായ പരിശോധന നടത്താതിരുന്നതിനാല്‍ ആര്‍ക്കൊക്കെ വൈറസ് ബാധിച്ചെന്ന കാര്യം വ്യക്തമല്ലെന്നും ലുക്കാകു പറഞ്ഞിരുന്നു.

‘ഡിസംബറില്‍ ഒരാഴ്ച ഞങ്ങള്‍ക്ക് മത്സരത്തിനിടെ ഇടവേളയുണ്ടായിരുന്നു. അതിനുശേഷം മത്സരങ്ങള്‍ക്കായി ടീം വീണ്ടും ഒരുമിച്ചപ്പോള്‍ 25 താരങ്ങളില്‍ 23 പേര്‍ക്കും തീര്‍ത്തും ക്ഷീണമായിരുന്നു. ഇതു ഞാന്‍ തമാശ പറയുന്നതല്ല. കളിക്കളത്തില്‍ 25 മിനിറ്റിനകം ഞങ്ങളുടെ ഡിഫന്‍ഡര്‍മാരിലൊരാള്‍ (മിലാന്‍ സ്‌ക്രീനിയര്‍) കളി തുടരാനാകാതെ കളം വിട്ടു. അദ്ദേഹം ഏറെക്കുറെ ബോധം മറഞ്ഞ നിലയിലായിരുന്നു’ ലുക്കാകു പറഞ്ഞു.

‘എല്ലാവരും ക്ഷീണിതരായിരുന്നു. മിക്കവര്‍ക്കും ചുമയും പനിയും ബാധിച്ചു. പരിശീലന സമയത്ത് എനിക്കും ശരീരത്തില്‍ പതിവിലുമധികം ചൂടു തോന്നി. വര്‍ഷങ്ങളായി ഒരു പനി പോലും ബാധിച്ചിട്ടില്ലാത്തയാളാണ് ഞാന്‍. മത്സരത്തിനുശേഷം പ്യൂമയില്‍നിന്നുള്ള അതിഥികളുമൊത്ത് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അത്താഴവിരുന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍ അതിഥികളെ കണ്ടശേഷം ഭക്ഷണത്തിനു നില്‍ക്കാതെ ഉറങ്ങാന്‍ പോയി. അത്രയ്ക്കു ക്ഷീണമായിരുന്നു. ഞങ്ങളൊരിക്കലും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായില്ല. അന്ന് വൈറസ് ബാധിച്ചിരുന്നോ എന്നും ഉറപ്പില്ല’ ലുക്കാകു പറഞ്ഞു

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ക്ലബ് ലുക്കാകുവിനെ താക്കീതു ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് താരം ക്ലബ്ബിനോടു ക്ഷമാപണം നടത്തിയത്. വൈറസ് ബാധയുടെ ലക്ഷണങ്ങളോടെയാണ് ടീം കളിച്ചതെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ക്കുള്ള സാധ്യത തെളിഞ്ഞതോടെയാണ് ക്ലബ് താരത്തെ താക്കീതു ചെയ്തത്.