കോഹ്ലിയെ പോലും ഞെട്ടിച്ച ഇന്നിംഗ്‌സ്, രോഹിത്ത് ഗുരുനാഥ ശര്‍മ്മ ചെപ്പോക്ക് തിരഞ്ഞെടുക്കുകയായിരുന്നു

സംഗീത് ശേഖര്‍

സ്റ്റുവര്‍ട്ട് ബ്രോഡിന്റെയൊരു ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്നൊരു ഫുള്‍ പിച്ച്ഡ് പന്ത് മനോഹരമായി കവറിലൂടെ ഡ്രൈവ് ചെയ്യുന്ന സ്ട്രോക്കിന്റെ ഭംഗി വിരാട് കൊഹ്‌ലിയെപ്പോലും ആനന്ദിപ്പിക്കുന്നുണ്ടെങ്കില്‍, ക്രീസില്‍ രോഹിത് ശര്‍മ്മയായിരിക്കുമെന്നത് ഉറപ്പാണ്. സ്‌ട്രോക്കുകളുടെ ഭംഗിയെപ്പറ്റിയുള്ള പതിവ് വിശേഷണങ്ങള്‍ അവിടെ നിര്‍ത്തിക്കൊണ്ട് ഷോര്‍ട്ട് ആന്‍ഡ് സ്വീറ്റ് കമിയോകള്‍ക്കപ്പുറമൊരു സബ്സ്റ്റന്‍ഷ്യല്‍ ഇന്നിംഗ്‌സ് ഒഴിഞ്ഞു നില്‍ക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുക്കാന്‍ രോഹിത് ശര്‍മ്മ തിരഞ്ഞെടുക്കുന്ന വേദി ചെപ്പോക്കായപ്പോള്‍ സുന്ദരമായ ഡ്രൈവുകള്‍ക്കും ഡോമിനേറ്റിങ് പുള്ളുകള്‍ക്കും ശേഷം ക്രീസിലുറച്ചു നില്‍ക്കാനാണ് അദ്ദേഹം തീരുമാനിക്കുന്നത്.

78 പന്തില്‍ 80 റണ്‍സ് , അവിടെ നിന്ന് സെഞ്ച്വറിയില്‍ എത്താനെടുത്തത് 52 പന്ത് . സെഞ്ച്വറിക്ക് ശേഷം നേരിട്ട 101 പന്തുകളില്‍ നിന്ന് എടുത്തത് 61 റണ്‍സ് . അനായാസം ഇന്ത്യയുടെ കയ്യില്‍ നിന്നും വഴുതി പൊയ്‌ക്കൊണ്ടിരുന്ന ചെപ്പോക്കിലെ ആദ്യ ദിനം വീണ്ടെടുത്ത ഇന്നിംഗ്‌സ് .

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിന്റെ ഹൈലൈറ്റ് താനായിരുന്നു എന്നതിലുപരി മറ്റുള്ള ബാറ്റ്സ്മാന്മാര്‍ ബാറ്റ് ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു ട്രാക്കിലാണ് രോഹിത് ശര്‍മ്മ ബാറ്റ് ചെയ്യുന്നതെന്ന് തോന്നിപ്പിച്ചു എന്നതാണ് പ്രത്യേകത . രണ്ടു വ്യത്യസ്ത രീതികളില്‍ ബില്‍ഡ് ചെയ്‌തൊരിന്നിങ്സ്.

ആദ്യ പാദം മനോഹരമായ സ്‌ട്രോക്കുകള്‍ നിറഞ്ഞ ടിപ്പിക്കല്‍ രോഹിത് ശര്‍മ്മ ഇന്നിംഗ്‌സ് ആയിരുന്നെങ്കില്‍ രണ്ടാം പാദത്തില്‍ ശ്രദ്ധയോടെ ഒരു നീണ്ട ഇന്നിംഗ്‌സ് കളിക്കാന്‍ തയ്യാറെടുത്ത രോഹിത് ശര്‍മയാണ് നിറഞ്ഞു നില്‍ക്കുന്നത് . വമ്പന്‍ സ്‌കോറുകള്‍ ഉയര്‍ത്തുന്ന ബാറ്റ്സ്മാന്മാര്‍ പവലിയനില്‍ മടങ്ങിയെത്തിയ സ്ഥിതിക്ക് ഫ്രീ ഫ്ളോയിങ് സ്‌ട്രോക്കുകള്‍ നിറഞ്ഞൊരു അതിവേഗ സെഞ്ച്വറിയല്ല ടീമിന് ഇന്ന് തന്നില്‍ നിന്നും വേണ്ടതെന്ന തിരിച്ചറിവോടെ രോഹിത് തന്റെ ഇന്നിംഗ്‌സ് പേസ് ചെയ്യുന്നതൊരു മികച്ച അനുഭവമായിരുന്നു.

ചെപ്പോക്കിലെ ആദ്യ രണ്ടു ദിവസം ഫ്‌ലാറ്റ് ബാറ്റിംഗ് ട്രാക്കെന്നു മനസ്സില്‍ ഫീഡ് ചെയ്തു വന്നവര്‍ അതിവേഗം തിരിച്ചുപോയ ആദ്യദിനം പൂര്‍ണമായും രോഹിത് ശര്‍മയാണ് കയ്യടക്കിയത്.

ആദ്യദിവസം തന്നെ ഇന്ത്യ ഓള്‍ ഔട്ടാകുന്നതിനെ തടഞ്ഞു നിര്‍ത്തിയത് രോഹിത് ശര്‍മ്മ തന്റെ ഇന്നിംഗ്സിനെ നിയന്ത്രിച്ച രീതിയായിരുന്നു. ക്ഷമയോടെ ക്രീസില്‍ നിന്നു നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാതെ ടെസ്റ്റ് ബാറ്റ്സ്മാനെന്ന നിലയില്‍ തനിക്ക് പോലും നിലനില്പുണ്ടാകില്ലെന്ന തിരിച്ചറിവ് വരുത്തിയ മാറ്റം പ്രകടമാണ്. മനോഹരമായ സ്‌ട്രോക്കുകള്‍ക്ക് ശേഷമൊരു മോശം ഷോട്ടില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കാതെ ഉത്തരവാദിത്തബോധത്തോടെ ബില്‍ഡ് ചെയ്‌തൊരു മജസ്റ്റിക് ഇന്നിംഗ്‌സ് .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like