രോഹിത്ത് രണ്ടും കല്‍പിച്ച്, ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

Image 3
CricketTeam India

ഐപിഎല്ലിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ പരിശീലനം പുനരാരംഭിച്ചു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലകര്‍ക്ക് കീഴില്‍ ഫിറ്റ്‌നസ് പരിശീലനമാണ് തുടങ്ങിയത്.

ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായാണ് രോഹിത്തിന്റെ പരിശീലനം. പരമ്പരയിലെ ടെസ്റ്റ് ടീമില്‍ മാത്രമാണ് രോഹിത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മ്മയും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം നടത്തുന്നുണ്ട്.

രോഹിത് ശര്‍മ്മയുടെ പരിക്കിനെ ചൊല്ലിയുള്ള സംശയങ്ങള്‍ ഐപിഎല്‍ മുതല്‍ സജീവമാണ്. രോഹിത്തിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ആദ്യം ഉള്‍പ്പെടുത്താതിരുന്നത് വിവാദമായിരുന്നു. താരം 70 ശതമാനം ഫിറ്റ്നസുമായാണ് ഐപിഎല്‍ കളിച്ചത് എന്ന് ഇതിന് പിന്നാലെ വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

‘രോഹിത്തിന് പരിക്കാണ്, അല്ലെങ്കില്‍ അദേഹത്തെ പോലൊരു താരത്തെ ഒഴിവാക്കുമോ? ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ കൂടിയാണ് അയാള്‍. രോഹിത്തിന്റെ ഫിറ്റ്നസ് ഞങ്ങള്‍ പരിശോധിക്കും’ എന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലില്‍ ഒക്ടോബര്‍ 18ന് കിംഗ്സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തിലാണ് രോഹിത്തിന്റെ ഇടത്തേ കാല്‍മസിലിന് പരിക്കേറ്റത്. മുംബൈ ഇന്ത്യന്‍സിന്റെ നാല് മത്സരങ്ങള്‍ താരത്തിന് തുടര്‍ന്ന് നഷ്ടമായി. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും തിരിച്ചെത്തി.

ഓസീസ് പര്യടനത്തിന് ആദ്യം ടീമിനെ പ്രഖ്യാപിച്ച വേളയില്‍ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും രോഹിത്തിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി പിന്നീട് ടെസ്റ്റ് സ്‌ക്വാഡില്‍ അദേഹത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്താല്‍ ഓസ്ട്രേലിയയിലേക്ക് നേരിട്ട് പറക്കുന്ന രോഹിത്തും ഇശാന്തും ആദ്യ ടെസ്റ്റിന് മുമ്പുള്ള പരിശീലന മത്സരങ്ങള്‍ കളിക്കുമോ എന്ന് വ്യക്തമല്ല.