30 പന്തില്‍ 30 റണ്‍സെന്ന നിലയില്‍ തോറ്റ കളി ജയിച്ചതെങ്ങനെ, രോഹിത്ത് ആ ചൂതാട്ടം നടത്തി!

Image 3
CricketTeam India

ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണല്ലോ. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് നീങ്ങിയെങ്കിലും അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് ലോകകപ്പ് വിജയം നേടിയത്.

കളിയുടെ അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിക്കാന്‍ തുടങ്ങിയിരുന്നു. 15ാം ഓവറില്‍ 24 റണ്‍സ് വഴങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 177 എന്ന വിജയ ലക്ഷ്യം 30 റണ്‍സ് മാത്രം മതിയായിരുന്നു. രണ്ടു വീതം ഫോറും സിക്സറുമാണ് ഹെന്‍ട്രിച്ച് ക്ലാസെന്‍ പായിച്ചത്.

എന്നാല്‍ റോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി ഇന്ത്യയെ രക്ഷിച്ചു. 16ാം ഓവറില്‍ തന്റെ സ്ട്രൈക്ക് ബൗളറായ ജസ്പ്രീത് ഭുംറയെ രോഹിത് തിരികെ വിളിക്കുകയായിരുന്നു. കളിയിലേക്കു ഇന്ത്യയുടെ തിരിച്ചുവരവിന്റെ തുടക്കവും ഇവിടെ നിന്നാണ്. വിക്കറ്റില്ലെങ്കിലും നാലു റണ്‍സ് മാത്രമേ ഭുംറ വിട്ടുകൊടുത്തുള്ളൂ. 16ാം ഓവറില്‍ തന്റെ മറ്റൊരു മുന്‍നിര പേസറയ അര്‍ഷ്ദീപ് സിങിനെ രോഹിത് തിരിച്ചു വിളിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ഹാര്‍ദിക് പാണ്ഡ്യയെയാണ് അദ്ദേഹം പന്തേല്‍പ്പിച്ചത്. നേരത്തേ ഒരോവര്‍ ബൗള്‍ ചെയ്ത ഹാര്‍ദിക് 10 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

പക്ഷെ 17ാം ഓവറില്‍ അദ്ദേഹം കളിയുടെ ഗതി തന്നെ മാറ്റി. അപകടകാരിയായ ഹെന്‍ട്രിച്ച് ക്ലാസനെ (52) ആദ്യ ബോളില്‍ തന്നെ ഹാര്‍ദിക് പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഓഫ്സ്റ്റംപിന് പുറത്തേക്കു അദ്ദേഹം പരീക്ഷിച്ച ബോളിനെതിരേ ക്ലാസെന്‍ ആഞ്ഞുവീശിയെങ്കിലും എഡ്ജായി റിഷഭ് പന്തിന്റെ കൈകളിലെത്തി. ഈ ഓവറിലും നാലു റണ്‍സ് മാത്രം.

18ാം ഓവര്‍ ആരെ ഏല്‍പ്പിക്കുമെന്നതായിരുന്നു അടുത്ത വെല്ലുവിളി. കാരണം ഭുംറയ്ക്കും അര്‍ഷ്ദീപിനും ഓരോ ഓവര്‍ മാത്രമേ ബാക്കിയുള്ളൂ. സാധാരണയായി 19 അല്ലെങ്കില്‍ 20ാം ഓവറാണ് ബുംറയെ ഏല്‍പ്പിക്കാറുള്ളത്. പക്ഷെ 18ാം ഓവറില്‍ ബുംറയെ കൊണ്ടുവന്ന് രോഹിത് ആ റിസ്‌ക്ക് ഏറ്റെടുക്കുകയായിരുന്നു.

രോഹിത്തിന്റെ ഈ ചൂതാട്ടം വിജയിക്കുകയും ചെയ്തു. വെറും രണ്ടു റണ്‍സ് മാത്രമേ ഭുംറ ഓവറില്‍ വിട്ടുകൊടുത്തുള്ളൂ. നാലാമത്തെ ബോളില്‍ മാര്‍ക്കോ യാന്‍സണെ (2) ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. ഇതോടെ അടുത്ത രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടത് 20 റണ്‍സ് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു. ഡേവിഡ് മില്ലര്‍ (18) ക്രീസിലുള്ളതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കു അപ്പോഴും വിജയപ്രതീക്ഷയുണ്ടായിരുന്നു. 19ാം ഓവറില്‍ നാലു റണ്‍സ് മാത്രമേ അര്‍ഷ്ദീപ് വഴങ്ങിയുള്ളൂ. സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ ആറു ബോളില്‍ 16 റണ്‍സ്. ഭുംറ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയതിനാല്‍ 20ാം ഓവര്‍ ഹാര്‍ദിക്കിനെയാണ് രോഹിത് ഏല്‍പ്പിച്ചത്.

ആദ്യ ബോളില്‍ സിക്സറിനു ശ്രമിച്ച മില്ലറിനെ ബൗണ്ടറി ലൈനിന് അരികില്‍ തകര്‍പ്പന്‍ റണ്ണിങ് ക്യാച്ചിലൂടെ സൂര്യകുമാര്‍ യാദവ് പുറത്താക്കിയതോടെ ഇന്ത്യ വിജയമുറപ്പാക്കി. അടുത്ത ബോളില്‍ കാഗിസോ റബാഡ ഫോറടിച്ചെങ്കിലും ഹാര്‍ദിക് വിട്ടുകൊടുത്തില്ല. അടുത്ത നാലു ബോളില്‍ രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. അഞ്ചാമത്തെ ബോളില്‍ റബാഡയെ പുറത്താക്കുകയും ചെയ്തു. ഇതോടെ ത്രസിപ്പിക്കുന്ന വിജയത്തോടെ ഇന്ത്യ ലോക ചാമ്പ്യന്മാരായി മാറുകയും ചെയ്തു.