ടി20 റാങ്കിംഗിലും ചിരിത്രമെഴുതി ടീം ഇന്ത്യ, നീണ്ട ആറ് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യമായി

Image 3
CricketTeam India

രോഹിത്ത് ശര്‍മ്മ ഇന്ത്യയുടെ നായകനായതോടെ വിലമതിക്കാനാകാത്ത ഒരു നേട്ടമാണ് നീലപ്പട സ്വന്തമാക്കിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കിയതോടെ ഐസിസി ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം.

നീണ്ട ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 റാങ്കിംഗിന്റെ രാജസിംഹാസനത്തില്‍ ഉപവിഷ്ടരാകുന്നത്. ന്യൂസിലന്‍ഡിന് പുറമെ വിന്‍ഡീസിനെതിരായ പരമ്പരയും ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയെ തേടി ചരിത്ര നേട്ടമെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് ഇന്ത്യ ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇതിനുമുന്‍പ് 2016 തുടക്കത്തില്‍ എം എസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് ഇന്ത്യ ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

2017 മുതല്‍ 2021 വരെ 50 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും ഇന്ത്യയെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. ഇതാണ് ക്യാപ്റ്റനായി രണ്ടാം പരമ്പരയില്‍ തന്നെ രോഹിത്ത് സാധ്യമാക്കിയിരിക്കുന്നത്.

പരമ്പരയിലെ അവസാന മത്സരത്തില്‍ മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ.

47 പന്തില്‍ 61 റണ്‍സ് നേടിയ നിക്കോളാസ് പൂരന്‍, 25 റണ്‍സ് നേടിയ റോവ്മാന്‍ പോവല്‍, 29 റണ്‍സ് നേടിയ ഷെപ്പാര്‍ഡ് എന്നിവര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസിന് വേണ്ടി പൊരുതിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ദീപക് ചഹാര്‍, വെങ്കടേഷ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെയും വെങ്കടേഷ് അയ്യരുടെയും മികവിലാണ് അഞ്ച് വിക്കറ്റിന് 184 റണ്‍സ് എടുത്തത്. സൂര്യകുമാര്‍ യാദവ് 31 പന്തില്‍ 65 റണ്‍സ് നേടി പുറത്തായപ്പോള്‍ വെങ്കടേഷ് അയ്യര്‍ 19 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരവും പരമ്പരയിലെ താരവും.