ആ പരമ്പരയ്ക്ക് ശേഷം രോഹിത്ത് ടീം ഇന്ത്യയുടെ നായകനാകും, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

Image 3
CricketTeam India

സൂപ്പര്‍ താരം രോഹിത്ത് ശര്‍മ്മ വൈകാതെ തന്നെ ടീം ഇന്ത്യയുടെ നായകനായി മാറുമെന്ന് മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ. ഏതെങ്കിലും ഒരു ഫോര്‍മാറ്റിലാകും കോഹ്ലിയ്ക്ക് പകരം രോഹിത്ത് ഇന്ത്യയെ നയിക്കുകയെന്നാണ് മോറെ അഭിപ്രായപ്പെടുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും മോറെ പറയുന്നു.

‘ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാനുള്ള അവസരം രോഹിത് ശര്‍മ്മയ്ക്ക് അധികം വൈകാതെ കൈവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ധോണിയുടെ കീഴില്‍ കളിച്ചിരുന്ന സമര്‍ത്ഥനായ ക്യാപ്റ്റനാണ് കോഹ്ലി, എത്ര നാള്‍ ഏകദിനത്തിലും ടി20യിലും അവന്‍ ക്യാപ്റ്റനാകണം ? അതിനെ കുറിച്ച് അവനും ചിന്തിക്കും. ഇതിനെ കുറിച്ചുളള കൂടുതല്‍ ചിത്രം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വ്യക്തമാകും. ‘ കിരണ്‍ മോറെ പറഞ്ഞു.

‘സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യയിലും വിജയിക്കും, ഇന്ത്യന്‍ ടീമിന്റെ ഭാവിയെ കുറിച്ച് മുതിര്‍ന്ന താരങ്ങളുടെ ധാരണ നിര്‍ണായകമാണ്. മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുകയെന്നത് എളുപ്പമല്ല അതിനൊപ്പം തന്നെ അവന് മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. ക്യാപ്റ്റനായി ടീമിനെ വിജയങ്ങളിലെത്തുകയും മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം അവന്‍ പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്രത്തോളം മതി ഇനി രോഹിത് ശര്‍മ്മ നയിക്കട്ടെയെന്ന് കോഹ്ലി പറയുന്ന സമയമെത്തും’ കിരണ്‍ മോറെ പ്രവചിക്കുന്നു.

‘കോഹ്ലി സ്ഥാനത്യാഗത്തിന് തയ്യാറായാല്‍ അത് വലിയ സന്ദേശമായിരിക്കും അത് ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോഹ്ലി തന്നെയാണ്. തനിയ്ക്ക് ഇനിയുളള കാലം എത്രത്തോളം വിശ്രമം വേണമെന്ന് അവന്‍ ചിന്തിക്കണം. അവനും മനുഷ്യനാണ്. അവന്റെ മനസ്സും തളരും ‘ കിരണ്‍ മോറെ പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ടീമിന്റെ നായകനായി രോഹിത്ത് വരണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതെചൊല്ലി ഇരുവരും തമ്മില്‍ ടീമില്‍ പടലപ്പിണക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ക്വാറന്‍ഡീന്‍ കാലയളവും കോച്ച് രവി ശാസ്ത്രിയുടെ ഇടപെടലും തങ്ങള്‍ക്കിടയിലുണ്ടാക്കിയ വിടവ് പരിഹരിച്ചെന്ന് കോഹ്ലി പിന്നീട് പറഞ്ഞിരുന്നു.