രോഹിത്തിനോടുളള അനിഷ്ടം തുറന്ന് പറഞ്ഞ് കോഹ്ലി, ടീം ഇന്ത്യയില്‍ എന്തെക്കെയോ ചീഞ്ഞു നാറുന്നു
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്ത് ശര്‍മ്മയുടെ വിട്ടുനില്‍ക്കലും പിന്നീട് നടന്ന സംഭവവികാസങ്ങളിലും പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ കാര്യത്തില്‍ വളരെ അധികം അവ്യക്തത തുടരുന്നുണ്ടെന്നും രോഹിത്തും ഇഷാന്കും ടീമിനൊപ്പം ഓസ്‌ട്രേലിയിലേക്ക് വന്നിരുന്നെങ്കില്‍ വളരെ നന്നായിരുന്നുവെന്നും കോഹ്ലി പറയുന്നു.
ഐപിഎലില്‍ പരിക്കിന് ശേഷം രോഹിത് തുടര്‍ന്ന് കളിച്ചപ്പോള്‍ താന്‍ കരുതിയത് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് താരം ഉണ്ടാകുമെന്നായിരുന്നെന്ന് കോഹ്ലി പറയുന്നു. എന്നാല്‍ പിന്നീട് അതുണ്ടാകില്ലെന്നറിഞ്ഞപ്പോള്‍ തനിക്ക് കാര്യങ്ങളില്‍ ഒരു വ്യക്തതയും അനുഭവപ്പെട്ടില്ലെന്നും കോഹ്ലി പറഞ്ഞു.
ഇപ്പോള്‍ തനിക്കും ടീമംഗങ്ങള്‍ക്കും അറിയുന്ന വിവരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഡിസംബര്‍ 11ന് വീണ്ടും ഒരു അവലോകനം നടത്തുമെന്ന് മാത്രമെന്നാണെന്നും കോഹ്ലി വ്യക്തമാക്കി. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ഇന്‍ഫോയോടാണ് കോഹ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതോടെ രോഹിത്തിന്റെ മടങ്ങിവരവിനെ കുറിച്ച് ടീം ഇന്ത്യയില്‍ തന്നെ അഭിപ്രായ ഭിന്നതയും അനൈക്യവും നിലനില്‍ക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലാണ് രോഹിത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഹിത്ത് ടെസ്റ്റ് ടീമിനൊപ്പം ചേരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. നിലവില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് കോഹ്ലി ടീം ഇന്ത്യയ്ക്ക് ഒപ്പം ഉണ്ടാകു.