രാജകീയ റെക്കോര്‍ഡുകള്‍, ഗപ്റ്റിലിനും കോഹ്ലിയ്ക്കും പണികൊടുത്ത് രോഹിത്തിന്റെ തേര്‍വാഴ്ച്ച

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വിന്‍ഡീസ് കേവലം 122 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ഇതോടെ 68 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയുടേയും തകര്‍പ്പന്‍ ഫിനിഷിംഗ് കാഴ്ച്ചവെച്ച കാര്‍ത്തികിന്റേയും മികവിലാണ് ഇന്ത്യ 190ല്‍ എത്തിയത്.

35 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ 44 പന്തില്‍ 7 ഫോറും 2 സിക്‌സുമടക്കം 64 റണ്‍സ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്മാരെ പട്ടികയില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലെ പിന്നിലാക്കികൊണ്ട് ഹിറ്റ്മാന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

മത്സരത്തിലെ പ്രകടനമടക്കം 121 ഇന്നിങ്‌സില്‍ നിന്നും 3443 റണ്‍സ് ഹിറ്റ്മാന്‍ നേടിയിട്ടുണ്ട്. 112 ഇന്നിങ്‌സില്‍ നിന്നും 3399 റണ്‍സാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍ നേടിയിട്ടുള്ളത്. 91 ഇന്നിങ്‌സില്‍ നിന്നും 3308 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് മൂന്നാം സ്ഥാനത്തുള്ളത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും ഈ മത്സരത്തോടെ രോഹിത് ശര്‍മ്മ സ്വന്തമാക്കി. 27 തവണ ഫിഫ്റ്റി നേടിയിട്ടുള്ള ഹിറ്റ്മാന്‍ നാല് തവണ സെഞ്ചുറിയും നേടിയിട്ടുണ്ട്. 30 ഫിഫ്റ്റി നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്നിലാക്കിയാണ് ഈ തകര്‍പ്പന്‍ റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്.