രോഹിത്തിനെ ടീം ഇന്ത്യയിലേക്ക് തിരികെ വിളിച്ചേക്കും, ബിസിസിഐ പിന്മാറുന്നു
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് സൂപ്പര്‍ താരം രോഹിത്ത് ശര്‍മ്മയെ പുറത്താക്കിയ നടപടിയില്‍ നിന്ന ബിസിസിഐ പിന്‍വാങ്ങുന്നു. രോഹിത്തിനെ പൂര്‍ണ്ണമായും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ബിസിസിഐ രംഗത്ത് വന്നിരിക്കുന്നത്.
ഞായറാഴ്ച ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രോഹിതിന്റെ പരിക്ക് സംബന്ധിച്ച് വിശദ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയ്ക്ക് ശേഷം പരിക്കിന്റെ സ്ഥിതി വിലയിരുത്തി രോഹിതിനെ ഓസ്ട്രേലിയക്കതിരായ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കുമെന്നാണ് ബിസിസിഐയുടെ പുതിയ നിലപാട്.
പരിക്ക് ഉടന്‍ ഭേദമാകുമോ അതോ അദ്ദേഹത്തിന് ഇനിയും വിശ്രമം ആവശ്യമുണ്ടോ എന്ന കാര്യങ്ങളൊക്കെ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ പോരാട്ടത്തിനിടെ കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മൂന്ന് ഫോര്‍മാറ്റിലും രോഹിത്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. ഇതോടെ സംഭവം വിവാദമായി.
അതിനിടെ താരം മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്സില്‍ പരിശീലിക്കുന്നതിന്റെ വീഡിയോ കൂടി പുറത്ത് വന്നതോടെ ബിസിസിഐ പ്രതിരോധത്തിലായി. രോഹിതിന്റെ പരിക്ക് സംബന്ധിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുളള നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തതോടെ വിവാദം ചൂടുപിടിച്ചു. ഇതോടെയാണ് ബിസിസിഐ പുതിയ നിലപാട് സ്വീകരിച്ചത്.
നവംബര്‍ 10ന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് ശേഷം 12ന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തും. ഈ സമയത്ത് രോഹിത് പരിക്കില്‍ നിന്ന് പൂര്‍ണനായി മുക്തനായിട്ടുണ്ടെങ്കില്‍ താരവും ടീമിനൊപ്പമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.