ആദ്യ പ്രതിഫലം വെളിപ്പെടുത്തി രോഹിത്ത്, അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ കോടികള്‍ വാരുന്ന താരങ്ങളിലൊരാളാണ് രോഹിത്ത് ശര്‍മ്മ. വിരാട് കോഹ്ലി കഴിഞ്ഞാല്‍ ടീം ഇന്ത്യയിലെ രണ്ടാമന്‍. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനെന്ന വിശേഷണമുളള രോഹിത്ത് താരത്തിളക്കത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഭൂതകാലം രോഹിത്തിന് അത്ര നിറമുളളതായിരുന്നില്ല.

ക്രിക്കറ്റ് കളിച്ച് തനിക്ക ലഭിച്ച ആദ്യ പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്ത്. ട്വിറ്ററിലെ ചോദ്യോത്തര സെഷനില്‍ സംസാരിക്കുകയായിരുന്നു താരം.

മുംബൈയിലെ വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച രോഹിത് കുട്ടിക്കാലത്ത് തെരുവുകളില്‍ ക്രിക്കറ്റ് കളിച്ചാണ് വളര്‍ന്നത്. പിന്നീടാണ് രോഹിത്തിന്റെ പരിശീലനം ഗ്രൗണ്ടുകളിലേക്കു മാറിയത്. മഹാരാഷ്ട്രയിലെ കുട്ടികള്‍ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കുരുന്നുകള്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ച ആസാദ് മൈതാനമായിരുന്നു രോഹിത്തിന്റെയും പരിശീലനക്കളരി.

കൂട്ടുകാര്‍ക്കൊപ്പം തന്റെ വീടിന് അടുത്തു വച്ച് കളിച്ചപ്പോഴായിരുന്നു ക്രിക്കറ്റില്‍ നിന്നുള്ള ആദ്യത്തെ വരുമാനം ലഭിച്ചതെന്നു രോഹിത് വെളിപ്പെടുത്തി. അതിനെ ശമ്പളമെന്നു പറയാനാവില്ല. 50 രൂപയാണ് അന്നു കിട്ടിയത്. കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ വച്ച് വട പാവ് കഴിക്കാനാണ് ഈ പണമുപയോഗിച്ചതെന്നും രോഹിത് വെളിപ്പെടുത്തി.

ഇന്ന് ബിസിസിഐയുടെ എ പ്ലസ് കരാറിലുള്‍പ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളിലൊരാള്‍ കൂടിയാണ് രോഹിത്ത്. ഏഴ് കോടി രൂപയാണ് രോഹിത്തിന് ഇതിലൂടെ മാത്രം ലഭിക്കുന്നത്. കൂടാതെ ഐപിഎല്ലിലൂടെ 15 കോടി രൂപയും വിവിധ പരസ്യങ്ങളില്‍ അഭിനയിച്ച് 50 കോടിയ്ക്ക് മേലും ഓരോ വര്‍ഷവും രോഹിത്തിനെ തേടിയെത്താറുണ്ട്.