തോറ്റാലും കുഴപ്പമില്ല, ചില കാര്യങ്ങള്‍ പരീക്ഷിക്കാന്‍ തന്നെയാണ് തീരുമാനം, തുറന്നടിച്ച് രോഹിത്ത്

Image 3
CricketTeam India

ഇന്ത്യന്‍ ടീമില്‍ വന്‍ പരീക്ഷണങ്ങള്‍ക്കാകും ഇനി സാക്ഷ്യം വഹിക്കുക എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ പുതിയ ഏകദിന നായകന്‍ രോഹിത്ത് ശര്‍മ്മ. അടുത്ത ലോകകപ്പിനും ഭാവിയ്ക്കും വേണ്ടി ചില പരീക്ഷണങ്ങള്‍ വേണ്ടിവരുമെന്നും അതിനാല്‍ ചില മത്സരങ്ങള്‍ തോറ്റാലും സാരമില്ലെന്നും രോഹിത്ത് ശര്‍മ്മ പറഞ്ഞു.

പന്തിനെ ഓപ്പണറായി പരീക്ഷിച്ച പശ്ചാത്തലത്തിലാണ് രോഹിത്തിന്റെ വിശദീകരണം. വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു രോഹിത്ത് ശര്‍മ്മ.

‘തീര്‍ച്ചയായും പരമ്പര ജയിക്കുന്നത് നല്ല അനുഭവമാണ്. ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നു. രാഹുലും സൂര്യയും തമ്മിലുള്ള കൂട്ടുകെട്ടിന് പക്വതയുണ്ടായിരുന്നു. അവസാനം ഞങ്ങള്‍ മാന്യമായ ഒരു ടോട്ടലില്‍ എത്തി. അതിനെ ചെറുക്കാമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. യൂണിറ്റ് മുഴുവനും പുറത്ത് വന്ന് മികച്ച രീതിയില്‍ പന്തെറിഞ്ഞു’ വിജയത്തെ കുറിച്ച് രോഹിത് പറഞ്ഞു.

‘തന്നോട് വ്യത്യസ്ത കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ടീം മാനേജുമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്, പന്തിനെ ഓപ്പണിങില്‍ പരീക്ഷിച്ചത് അതിനാലായിരുന്നു. ചില കാര്യങ്ങള്‍ പരീക്ഷിക്കുമ്പോള്‍ കുറച്ച് കളികള്‍ തോറ്റതില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല. കാരണം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നോക്കേണ്ടത് പ്രധാനമാണ്.’ രോഹിത് പറഞ്ഞു.

അതെസമയം വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാമത്തെ ഏകിദിനത്തില്‍ ഇന്ത്യ അനായാസ ജയമാണ് സ്വന്തമാക്കിയത്. 44 റണ്‍സിനാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വെസ്റ്റിന്‍ഡീസ് 2-0ത്തിന് മുന്നിലെത്തി.

ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് കേവലം 193 റണ്‍സിന് പുറത്താകുകയായിരുന്നു. പ്രസിദ്ധിനെ കൂടാതെ ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.