വായില്‍ വെള്ളിക്കരണ്ടിയില്ലാതെയാണ് അവന്‍ ടീം ഇന്ത്യയിലെത്തിയത്, വെറും സാധാരണക്കാരനായ, ഒരു അസാധാരണ താരമാണവന്‍

Image 3
CricketTeam India

മനീഷ് മധുസൂധന്‍

രോഹിത് എന്നും Ensure ചെയ്യുന്ന ഒരു കാഴ്ചയുണ്ട്…

145 കിലോമീറ്റര്‍ വേഗതയില്‍ ത്രോട്ട് ലെവലില്‍ പാഞ്ഞെത്തുന്ന ഒരു ബൗണ്‍സര്‍ ഡെലിവറി, അത് വളരെ എഫര്‍ട്ട്ലസ് ആയി ഫ്രന്റ് ഫൂട്ടില്‍ ചെറുതായി ഒന്നൂന്നി ഒരു പുള്‍ ഷോട്ടിലൂടെ ഡീപ് സ്‌കോര്‍ ലെഗ്ഗിന്റെയോ മിഡ് വിക്കറ്റിന്റെയോ മുകളില്‍ കൂടി ഗാലറിയിലെ കാണികള്‍ക്കിടയിലേക്ക് പറന്നിറങ്ങുന്നു, ആക്ഷന്‍ പൂര്‍ത്തിയാക്കി നിരാശയോടെ നിവരുന്ന ബൗളര്‍, ഇതെല്ലാം എന്തെന്ന മട്ടില്‍ ക്രീസില്‍ രോഹിത്തും..??

ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്ലര്‍ അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.. ‘വര്‍ഷങ്ങള്‍ക്കു മുന്നേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എതിരെ എല്ലാവരും പ്രയോഗിക്കുന്ന ഒരു വജ്രായുധം ആയിരുന്നു അതിവേഗത്തില്‍ ഉള്ള ബൗണ്‍സര്‍, പക്ഷേ ഇന്നത് രോഹിത്തിന്റെ നേരെ പ്രയോഗിക്കാന്‍ ഒരാളും ധൈര്യപ്പെടില്ല ‘
അതേ അയാളെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം..
‘വെറും സാധാരണക്കാരനായ, ഒരു അസാധാരണക്കാരന്‍ ‘

ഇതിഹാസങ്ങള്‍ നിറഞ്ഞാടിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജവിധിയിലേക്ക് തന്റേതായ ഒരു തേര് , ഒറ്റക്ക് തെളിച്ചു അയാള്‍ കടന്നു വരുന്നത് സച്ചിനെയോ കോഹ്ലിയെയോ കപിലിനെയോ പോലെ ആഭിജാത്യത്തിന്റെ ആടയാഭരണങ്ങളോടെയല്ല, മറിച്ച് വെറും സാധാരണക്കാരന്റെ നിസ്സാരതയോടെയാണു രോഹിത് ശര്‍മ എന്ന ജീനിയസ് പ്രത്യക്ഷപ്പെടുന്നത്.
ലൈംലൈറ്റിന്റെ കടുംതിളക്കത്തിലും അയാളെ വേര്‍തിരിച്ചു നിര്‍ത്തുന്നതും ഈ സാധാരണത്വമാണു.

വായില്‍ വെള്ളിക്കരണ്ടിയില്ലാതെ പിറന്നത് കൊണ്ടാവാം , ഈ മനുഷ്യന്റെ കരിയര്‍ ഉടനീളം ഉയര്‍ച്ചതാഴ്ചകളുടെ വെലിയേറ്റങ്ങളും വേലിയിറക്കങ്ങളും കൊണ്ട് സമ്പന്നവും സ്വാഭാവികവുമാണു. അയാള്‍ ഉന്നതങ്ങളിലാണു, അതേസമയം അയാള്‍ വെറുമൊരു സാധാരണക്കാരനുമാണു.

സാമ്പത്തികമായി മികച്ച ഒരു അടിത്തറ ഉള്ള കുടുംബത്തില്‍ ആയിരുന്നില്ല രോഹിത് ജനിച്ചത്. ഒരു സാധാരണ ജോലിക്കാരന്‍ ആയ അച്ഛന്‍ ഗുരുനാഥ് ശര്‍മയ്ക്ക് തന്റെ മകന്റെ ക്രിക്കറ്റ് കഴിവുകളെ വേണ്ട വിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്ന് മനസ്സിലാക്കിയ അമ്മാവനും മറ്റു ബന്ധുക്കളും ചേര്‍ന്നാണ് രോഹിത്തിനേ ക്രിക്കറ്റിന്റെ ലോകത്തേക്ക് എല്ലാ സഹായവും ചെയ്തു പിടിച്ചുയര്‍ത്തി കൊണ്ട് വരുന്നത്.

തന്റെ ആദ്യ കോച്ചായ ദിനേശ് ലാഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മികച്ച ക്രിക്കറ്റ് പരിശീലന സൗകര്യങ്ങള്‍ ഉള്ള സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് രോഹിത് തന്റെ പഠനം പറിച്ചു നടുന്നത്. ഓഫ് സ്പിന്നര്‍ ആയി ടീമില്‍ തുടങ്ങിയ രോഹിത് അവിചാരിതമായി ഓപ്പണിങ് ഇറങ്ങിയ ആദ്യ കളിയില്‍ തന്നെ സെഞ്ചുറി നേടിയത് അദ്ദേഹത്തെ വല്ലാതെ അമ്പരപ്പിച്ചു.

അതൊരു തുടക്കം മാത്രമായിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 29 സെഞ്ചുറികളും മൂന്ന് ഡബിള്‍ സെഞ്ചുറികളും സ്വന്തം പേരില്‍ കുറിച്ച രോഹിത് ശര്‍മ്മ എന്ന ജീനിയസിന്റെ ക്രിക്കറ്റ് യാത്രയുടെ തുടക്കം.

2006-2007 സീസണില്‍ രഞ്ജിയില്‍ ഗുജറാത്തിനെതിരെ രോഹിത് നേടിയ ഡബിള്‍ സെഞ്ചുറി അടക്കമുള്ള ഒരുപിടി മികച്ച പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ മുംബൈ ഫൈനലില്‍ എത്തുകയും ബംഗാളിന് എതിരെ വിജയികള്‍ ആവുകയും ചെയ്തു, ഫൈനലിലും രണ്ടാം ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി നിന്ന രോഹിത്തിന് ദേശീയ ടീമിലേക്കുള്ള വിളിക്ക് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ലാ..

2007 ജൂണില്‍ നടന്ന അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടൂര്‍ണമന്റില്‍ ആണ് രോഹിത്തിന്റെ ആദ്യ ഔദ്യോഗിക ഡെബ്യൂ മാച്ച് എങ്കിലും കളത്തില്‍ ഇറങ്ങാന്‍ അതേ വര്‍ഷം നവംബര്‍ വരെ കാത്തിരിക്കേണ്ടി വന്നു , നാഗ്പൂരില്‍ വെച്ച് പാകിസ്ഥാന് എതിരെ 52 റണ്‍സോടെ വരവറിയിച്ച് ഓസ്‌ട്രേലിയക്ക് എതിരെ അവരുടെ നാട്ടില്‍ തന്നെ നടക്കാന്‍ പോകുന്ന കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസില്‍ സ്‌ക്വാഡില്‍ എത്തിപ്പെട്ടു. ആദ്യ ഫൈനലില്‍ സച്ചിനുമൊത്ത് മികച്ച പാര്‍ട്ട്ണര്‍ഷിപ്പില്‍ സ്‌കോര്‍ ചെയ്ത 66 അടക്കം മൊത്തം 235 റണ്‍സ് ആണ് രോഹിത് ആ ടൂര്‍ണമെന്റില്‍ അടിച്ചത്. തുടക്കത്തില്‍ പറഞ്ഞത് പോലെ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായ രോഹിത്തിന്റെ കരിയറിലെ അടുത്ത ഇറക്കത്തിന് കാരണം മിഡില്‍ ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ടിരുന്ന സുരേഷ് റെയ്‌നെയും വിരാട് കോഹ്ലിയും ആയിരുന്നു. അവര്‍ക്ക് പിന്നില്‍ റിസര്‍വ് ബാറ്റ്മാന്‍ ആയി ഇരുന്നതൊന്നും അയാളെ തളര്‍ത്തിയില്ല. 2009 ഇല്‍ രഞ്ജിയില്‍ ട്രിപ്പിള്‍ സെഞ്ച്‌റി നേടി വീണ്ടും സെലക്ടര്‍മാരുടെ കണ്ണില്‍ പെട്ടു. വീണ്ടും ടീമില്‍, 2010 ല്‍ സിംബാവേക്ക് എതിരെ നടന്ന സീരിസില്‍ രോഹിത് തന്റെ കന്നി സെഞ്ചുറി കുറിച്ചു, അതേ സീരിസില്‍ ശ്രീലങ്ക്‌ക്കെതിരേയും, തുടര്‍ച്ചയായി രണ്ടാം സെഞ്ചുറി നേടി വരവറിയിച്ചു.

പക്ഷേ അപ്പോഴേക്കും അടുത്ത വിധി ഒരു സൗത്ത് ആഫ്രിക്കന്‍ പരമ്പരയായി മുന്നില്‍ വന്നു, ആ സീരീസിലെ മോശം പ്രകടനം 2011 സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് കളിക്കാന്‍ ഉള്ള അവസരമാണ് രോഹിത്തിന് നഷ്ട്ടമാക്കിയത്. ഏതൊരു യുവതാരവും മാനസികമായി തകര്‍ന്നു പോകുന്ന ഒരവസ്ഥ. പക്ഷേ അവിടം കൊണ്ടും തോറ്റു കൊടുക്കാന്‍ രോഹിത് തയാറായിരുന്നില്ല.

അവിടെ നിന്ന് ഏകദേശം 2013 കാലയളവ് വരെ രോഹിത്തിന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്കും താഴേക്കും മാറി മാറി വരച്ചു മാറ്റപ്പെട്ടുകൊണ്ടിരുന്നു.
പക്ഷേ 2013 രോഹിത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമായിരുന്നു. മഹേന്ദ്രസിംഗ് ധോണി എന്ന ക്യാപ്റ്റന്‍ കൂള്‍ പുതിയൊരു ദൗത്യം രോഹിത്തിന് മുന്നില്‍ വെച്ചു, ചാമ്പ്യന്‍സ് ട്രോഫിയില്‍ ശിഖര്‍ ധവാന് ഒപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയുക എന്ന രോഹിത്തിന്റെ തലവര മാറ്റിയെഴുതിയ ദൗത്യം.
ഷോട്ട് ബോളുകള്‍ പരമാവധി ഒഴിവാക്കി ഗ്രൗണ്ട് ഷോട്ടുകള്‍ പരമാവധി കളിച്ചിരുന്ന കണ്‍വന്‍ഷണല്‍ ശൈലിയില്‍ നിന്ന്, തുടക്കം മുതലേ ബൗളറെ കടന്നാക്രമിച്ചു കളിച്ച് ഷോട്ട് ബോളുകള്‍ക്ക് പുള്‍ ഷോട്ടുകള്‍ കൊണ്ട് മറുപടി നല്‍കി ഇനി ബൗളറെ കൊണ്ട് ബൗണ്‍സര്‍ എന്ന വാക്ക് പോലും ചിന്തിപ്പിക്കാന്‍ അവസരം നല്‍കിയില്ല എന്ന് പറയാതെ പറഞ്ഞ രോഹിത്തിന്റെ ബാറ്റുകള്‍ സെവാഗിന് സമാന്തരമായ മറ്റൊരു ശൈലിക്ക് തുടക്കം കുറിക്കുകയായിരുന്നു.

ശിഖര്‍ ധവാന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ജേതാക്കള്‍ ആയ ആ ടൂര്‍ണമെന്റില്‍ ടോപ് റണ്‍സ് സ്‌കോറര്‍മാരില്‍ നാലാമനായി രോഹിത് ഫിനിഷ് ചെയ്ത് ക്യാപ്റ്റന്‍ തനിക്ക് മേല്‍ വെച്ച വിശ്വാസം കാത്തു സൂക്ഷിച്ചു.
അതേ വര്‍ഷം രോഹിത്ത് ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു മൈല്‍സ്റ്റോണ്‍ കൂടി അച്ചീവ് ചെയ്തു.

ആസ്‌ട്രേലിയക്ക് എതിരെ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 158 പന്തില്‍ 16 സിക്‌സുകളുടെ അകമ്പടിയോടെ കൂടി നേടിയ 209 റണ്‍സ് , അതേ പരമ്പരയില്‍ മറ്റൊരു മത്സരത്തില്‍ നേടിയ 141 റണ്‍സ് .
ഇതിലൂടെ തന്നെ രോഹിത്തിന്റെ നയം വ്യക്തമായിരുന്നു.
ക്രിക്കറ്റ് ലോകത്തിന് നല്‍കിയ ലൗഡ് ആന്‍ഡ് ക്ലിയര്‍ ആയ ഒരു മുന്നറിയിപ്പ് സ്റ്റേറ്റ്‌മെന്റ് കൂടെ ആയിരുന്നു അത്
തൊട്ടടുത്ത വര്‍ഷം ശ്രീലങ്കയില്‍ വീണ്ടും ഒരു ലങ്കാ ദഹനം കൂടി നടന്നു , പുരാണത്തില്‍ വാലിന് തീ കൊളുത്തി ഹനുമാനാണ് ലങ്ക ചുട്ടെരിച്ചത് എങ്കില്‍ ഇത്തവണ 21 ആം നൂറ്റാണ്ടില്‍ ബാറ്റിനു തീ കൊളുത്തി രോഹിത്താണ് ആ ദുരന്തത്തിന് കാരണക്കാരന്‍ ആയത്. 264 റണ്‍സ് ആണ് 173 ബോളില്‍ നിന്ന് രോഹിത് അടിച്ചു കൂട്ടിയത്. 33 ഫോറും 9 സിക്സും ആണ് അന്നത്തെ ദിവസം രോഹിത് ബൗണ്ടറി ലൈന്‍ കടത്തിയത് . അക്ഷരാര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ ബൗളര്‍മാരെ രോഹിത് ചുട്ടെരിച്ചു എന്ന് തന്നെ പറയാം.

2017ല്‍ ശ്രീലങ്കക്ക് എതിരെ തന്നെ വീണ്ടുമൊരു ഡബിള്‍ കൂടി നേടി എന്തിനാണ് തന്നെ ക്രിക്കറ്റ് ലോകം #ഹിറ്റ്മാന്‍ എന്ന് വിളിക്കുന്നത് എന്ന് പറയാതെ പറഞ്ഞു രോഹിത്
‘സുനില്‍ ഗാവസ്‌കര്‍ സിംഗിള്‍ , ഡബിള്‍ ആയും
രോഹിത് 100 , 200 ആയി മാറ്റുമെന്നും’
സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ ട്വീറ്റ് ചെയ്തത് ഈ പ്രകടനം കൂടി കണ്ടിട്ടാണ്
വെസ്റ്റിന്‍ഡീസ്‌ന് എതിരെ ഇന്ത്യയില്‍ നടന്ന സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റ് പരമ്പരയിലാണ് ആദ്യമായി രോഹിത് ടെസ്റ്റ് ക്യാപ് അണിയുന്നത്. അന്ന് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ 177 റണ്‍സ് നേടി ടെസ്റ്റിലെ തുടക്കം ഗംഭീരമാക്കി.

അത് നില നിര്‍ത്താന്‍ രോഹിത്തിന് ആയില്ല പക്ഷേ ടെസ്റ്റില്‍ വേണ്ടത്ര തിളങ്ങാതെ പോയത് ഒരു തരത്തില്‍ ഏകദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രോഹിത്തിനേ സഹായിച്ചു. ചുവന്ന പന്തിന്റെ വേഗവും മൂവ്‌മെന്റ് രോഹിത്തിന് ബലികേറാ മലയാണ് എന്ന് പറഞ്ഞ വിമര്‍ശകര്‍ക്ക് മറുപടിയായി 2019 ല്‍ സൗത്ത് ആഫ്രിക്കക്ക് എതിരായുള്ള ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറുടെ റോളില്‍ തന്നെ രോഹിത് തിരിച്ചെത്തി. അന്ന് 3 ടെസ്റ്റുകളില്‍ നിന്ന് ഒരു ഡബിള്‍ സെഞ്ചുറി അടക്കം 529 റണ്‍സ് ആണ് രോഹിത് അടിച്ചു കൂട്ടിയത്. ഏകദിനത്തിലും T20 യിലും മാത്രമായി തന്നെ അങ്ങിനെ കാറ്റഗറൈസ് ചെയ്യണ്ട, ടെസ്റ്റും തന്റെ തട്ടകമാണ് എന്ന് വിമര്‍ശകരെക്കൊണ്ട് തന്നെ രോഹിത് പറയിച്ചു.

T20 യില്‍ 2015 ല്‍ ആണ് സൗത്ത് ആഫ്രിക്കക്ക് എതിരെ രോഹിത് തന്റെ ആദ്യത്തെ സെഞ്ചുറി രെജിസ്റ്റര്‍ ചെയ്യുന്നത്. 2018 ല്‍ ഇംഗ്ലണ്ടിന് എതിരെ ബാറ്റ് ചെയ്യുമ്പോള്‍ 2000 , T20 റണ്‍സ് എന്ന നേട്ടത്തിന് കൂടി രോഹിത് അര്‍ഹനായി. IPL ചരിത്രത്തിലെ ഏറ്റവും സക്‌സസ് ഫുള്‍ ആയ ക്യാപ്റ്റനും മറ്റാരുമല്ല അത് മുബൈയെ നാല് തവണ കിരീടം ചൂടിച്ച രോഹിത് തന്നെ.

പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ പിടിച്ചിരുത്തിയ രോഹിത്തിന്റെ പ്രകടനം നടക്കുന്നത് കഴിഞ്ഞ വേള്‍ഡ് കപ്പിലാണ്
ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ആ ലീഗ് മത്സരത്തില്‍
രോഹിത് തന്റെ പ്രതിഭ മുഴുവന്‍ പുറത്തെടുത്തു എന്ന് മാത്രമല്ല,
ഫുള്‍ ത്രോട്ടിലുളള രോഹിതിന്റെ മുന്നില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മികച്ച ബൗളിംഗ് കൊമ്പോ ആയാ കമ്മിന്‍സും – സ്റ്റാര്‍ക്കും ബൗളിംഗ് മറന്നു പോയി എന്ന് പോലും നിസംശയം എനിക്ക് തോന്നിപ്പോയി .

140 കിലോമീറ്റര്‍ വേഗതയില്‍ വന്ന സ്റ്റര്‍ക്കിന്റെ ഓഫ് സ്റ്റമ്പിന് വെളിയിലേക്ക് പോയ ഒരു ഷോട്ട് ബോള്‍ തേഡ്മാനിന് മുകളിലൂടെ ഗാലറിയിലേ ഹര്‍ഷാരവങ്ങള്‍ക്ക് ഇടയിലേക്ക് പറന്നിറങ്ങിയത് ഒരു തുടക്കം മാത്രമായിരുന്നു. കമ്മിന്‍സിനെ സ്‌ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ പറത്തിയ ആ ഫ്‌ലിക്ക് സിക്‌സ്.. കരിയറില്‍ ഉടനീളം കണ്ട നിങ്ങളുടെ ഏറ്റവും മികച്ച ഷോട്ടുകളില്‍ ഒന്നായിരുന്നു… മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹേസല്‍വുഡിന് എതിരെ ലോങ് ഓണില്‍ നേടിയ ആ ലോഫ്റ്റ്‌റഡ് സിക്‌സ്… ടൈമിങിന്റെയും റിസ്റ്റുവര്‍കിന്റെയും പിന്‍ബലത്തില്‍ ഓണ്‍ സൈഡിലും ഓഫ് സൈഡിലും നേടിയ അതിലും മനോഹരമായ മികച്ച ബൗണ്ടറികള്‍… വാക്കുകള്‍ക്ക് അതീതമായിരുന്നു മിക്കപ്പോഴും ആ മനുഷ്യന്റെ ബാറ്റിംഗ്..
ഹൈ ക്വാളിറ്റി ഷോട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ആ ഇന്നിംഗ്‌സ്, പുള്ളുകല്‍ ഫ്‌ളിക്കുകളും ലോഫ്‌റ്റെഡ് ഷോട്ടുകള്‍ കവര്‍ ഡ്രൈവുകള്‍ എന്ന് വേണ്ട നയന മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു ആ മത്സരം
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കാഴ്ചകളില്‍ ഒന്ന് എന്താണെന്ന് ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ പറയും ഫുള്‍ ത്രോട്ടില്‍ ക്രീസില്‍ നിലയുറപ്പിച്ച രോഹിത്തിന്റെ ബാറ്റിംഗ് ആണ് എന്ന്…

ഒരു ടിപ്പിക്കല്‍ ഹിറ്റര്‍ മാത്രമായി കാണപ്പെടേണ്ട ഒരു ബാറ്റ്‌സ്മാന്‍ അല്ല എന്ന് താനെന്ന് ഷോട്ടുകളുടെ വൈവിധ്യം കൊണ്ട് ചൂണ്ടിക്കാണിച്ചു തരികയാണയാള്‍..
നിങ്ങളുടെ സിയറ്റ് ബാറ്റ്ന്റെ സ്വീറ്റ് പോയിന്റില്‍ മുത്തമിട്ട് ഗാലറിയില്‍ വിശ്രമിച്ച എത്രയോ വെള്ളപ്പന്തുകള്‍ ഞങ്ങളെ ആവേശം കൊള്ളിച്ചിരിക്കുന്നു..??
സാങ്കേതികത്തികവില്ല, സ്ഥിരതയില്ല , അലസന്‍ എന്നൊക്കെ നിലവിളിച്ച വിമര്‍ശകരുടെയും മാധ്യങ്ങളുടെയും വായകള്‍ ഓരോ മികച്ച പ്രകടനങ്ങളിലൂടേയും നിങ്ങള്‍ എത്രയോ തവണ അടപ്പിച്ചിരിക്കുന്നു..??

പരിശീലനത്തിന് വിടാന്‍ കൂടി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ബല്യ കാലത്തില്‍ നിന്ന് രോഹിത് ഇന്ന് എത്തി നില്‍ക്കുന്നത് Hublot, Ceat, Adidas, Nisan തുടങ്ങിയ ലോക പ്രശസ്ത ബ്രാന്‍ഡുകളുടെ അമ്പാസിഡര്‍ പദവികളിലാണ്.

അതേ..??
അയാള്‍ ഉന്നതങ്ങളിലാണ് …
അതേസമയം അയാള്‍ വെറുമൊരു സാധാരണക്കാരനുമാണ്..????
ജന്മദിനാശംസകള്‍ പ്രിയപ്പെട്ട
#രോഹിത്_ഗുരുനാഥ്_ശര്‍മ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍