അശ്വിന് മാന്‍ ഓഫ് ദ മാച്ച് കൊടുത്തതിനെതിരെ ഇന്ത്യന്‍ താരം, രോഹിത്തിനോട് ചെയ്തത് അനീതി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം രവിചന്ദ്രന്‍ അശ്വിന് നല്‍കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. അശ്വിനേക്കാള്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം അര്‍ഹിച്ചത് ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച ഓപ്പണര്‍ രോഹിത് ശര്‍മയാണെന്നാണ് പ്രഗ്യാന്‍ ഓജ തുറന്ന് പറയുന്നത്.

‘മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം അര്‍ഹിച്ചിരുന്നത് തീര്‍ച്ചയായും രോഹിത് ശര്‍മയാണ്. ഈ ടെസ്റ്റിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് ഞാനിതു പറയുന്നത്. ഈ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സിലെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ചെപ്പോക്കിലെ പിച്ച് ബോളര്‍മാരെ പിന്തുണയ്ക്കുമെന്നും മത്സരം പുരോഗമിക്കുന്തോറും ബാറ്റിങ് ദുഷ്‌കരമാകുമെന്നും വളരെ വ്യക്തവുമായിരുന്നു.’ ഓജ പറഞ്ഞു.

‘അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ സുന്ദരമായൊരു സെഞ്ചുറി നേടിയെന്നത് മറക്കുന്നില്ല. പക്ഷേ ഒരു കാര്യം മറക്കരുത്. അശ്വിന്റെ സെഞ്ചുറി പിറക്കുമ്പോഴേയ്ക്കും മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു.’ ഓജ ചൂണ്ടിക്കാട്ടി.

‘അശ്വിന്റെ സെഞ്ചുറി ഇന്ത്യയുടെ വിജയത്തെയോ തോല്‍വിയെയോ സ്വാധീനിക്കുമായിരുന്നോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം, രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ സെഞ്ചുറി നേടുമ്പോഴേയ്ക്കും ഇന്ത്യ വിജയവഴിയിലെത്തിയിരുന്നു. അശ്വിന്റെ സെഞ്ചുറിയെ നിസാരവല്‍ക്കരിക്കുകയല്ല. പക്ഷേ, ഈ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതും മത്സരഫലത്തെ കൂടുതല്‍ സ്വാധീനിച്ചതും രോഹിത്തിന്റെ സെഞ്ചുറിയാണ്’ ഓജ പറഞ്ഞു.

‘ഒന്നാം ഇന്നിങ്‌സില്‍ രോഹിത് 60 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ എന്ന് കരുതുക. സ്‌കോര്‍ നില എന്തായേനേ? രണ്ടാം ഇന്നിങ്‌സില്‍ എന്തു സംഭവിക്കുമായിരുന്നു? രണ്ടാം ഇന്നിങ്‌സ് തന്നെ അപ്രസക്തമാക്കുന്ന പ്രകടനമല്ലേ ഒന്നാം ഇന്നിങ്‌സില്‍ രോഹിത് പുറത്തെടുത്തത്? കാരണം ഇന്ത്യയുടെ ലീഡ് അത്രമാത്രം സുരക്ഷിതമായിരുന്നു’ ഓജ പറഞ്ഞു.

You Might Also Like