വീഴ്ച്ചയിലും വന്‍ നേട്ടം കൊയ്ത് രോഹിത്ത്, തകര്‍പ്പന്‍ റെക്കോര്‍ഡ്

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദനയെ തുടര്‍ന്ന് രോഹിത് റിട്ടേയര്‍ഡ് ഹര്‍ട്ടായിരുന്നു. അഞ്ച് പന്തില്‍ 11 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് രോഹിത് പിന്മാറായിയത്. ഒരു ഫോറും ഒരു സിക്സും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. ഇത് രോഹിത്തിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മത്സരശേഷം രോഹിത് പറഞ്ഞു. അടുത്ത മത്സരത്തിന് മുമ്പ് വിശ്രമിക്കാന്‍ ധാരാളം സമയമുണ്ടെന്നും രോഹിത് പറഞ്ഞു.

അതേസമയം മത്സരത്തില്‍ ബാറ്റിംഗ് പൂര്‍ത്തിയാക്കാന്‍ ആയില്ലെങ്കിലും മികച്ച ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് രോഹിത് മടങ്ങിയത്. ടി20 ക്രിക്കറ്റില്‍ കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റോക്കോര്‍ഡാണ് രോഹിത്തിന്റെ പേരിലായത്. 60 സിക്സുകളാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോഹ്ലി , എം എസ് ധോണി എന്നിവരെയാണ് രോഹിത്ത് മറികടന്നത്.

59 സിക്സുകളാണ് കോഹ്ലി നേടിയിരുന്നത്. ധോണി 34 സിക്‌സ് ആണ് സ്വന്തമാക്കിയിട്ടുളളത്. സെന്റ് ക്വിറ്റ്സില്‍ ഏറ്റവും മികച്ച റണ്‍ ചേസുമാണ് ഇന്ത്യ നടത്തിയത്. 2017ല്‍ അഫ്ഗാനിസ്ഥാനെതിരെ വിന്‍ഡീസ് 147 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഇതാണ് പഴങ്കഥയായത്.

മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്സിന്റെ (73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്.