സിക്‌സുകളുടെ ഉടയതമ്പുരാന്‍, അഫ്രീദിയും തകര്‍ന്നു, ഹിറ്റ്മാന്‍ ചിരിക്കുന്നു

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ഓപ്പണറായി ചെറുതെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് രോഹിത്ത് ശര്‍മ്മ കാഴ്ച്ചവെച്ചത്. വെറും 16 പന്ത് മാത്രം നേരിട്ട രോഹിത്ത് രണ്ട് ബൗണ്ടറിയും മൂന്ന് മനോഹര സിക്‌സുകളും അടക്കം 33 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആദ്യ നാല് ഓവറില്‍ തന്നെ ഇന്ത്യയുടെ സ്‌കോര്‍ 50 കടക്കാന്‍ രോഹിത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനം സഹായിച്ചു.

ഒടുവില്‍ അഖില്‍ ഹൊസൈന്റെ പന്തില്‍ ബൗള്‍ഡ് ആയാണ് രോഹിത്ത് മടങ്ങിയത്. ഇന്ത്യന്‍ നായകനെ കുറിച്ചുളള ഫിറ്റ്‌നസ് ആശങ്കകള്‍ക്ക് മറുപടിയായിരുന്നു ഈ ചെറിയ മനോഹര ഇന്നിംഗ്‌സ്.

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും രോഹിത്ത് സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി എന്ന നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. 476 സിക്സുകള്‍ നേടിയ പാകിസ്ഥാന്‍ മുന്‍താരം ഷാഹിദ് അഫ്രീദിനെയാണ് രോഹിത്ത് മറികടന്നത്. രോഹിത് ശര്‍മ്മയുടെ സിക്സര്‍ നേട്ടം 477ലെത്തി. 553 സിക്സുകളുമായി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ മാത്രമാണ് രോഹിത്തിന് മുന്നിലുളള ഏകതാരം.

മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സ് എടുത്തത്. മലയാളി താരം സഞ്ജു സാംസണ്‍ പുറത്താകാതെ 30 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തിയത്.