ഞാന്‍ ലോകത്തെ ഏറ്റവും സന്തോഷവതിയായ അമ്മ, അവന്‍ ഈ ദിവസത്തിനായി കളിക്കുകയായിരുന്നു, തുറന്ന് പറഞ്ഞ് രോഹിത്തിന്റെ മാതാവ്

Image 3
CricketFeaturedTeam India

കഴിഞ്ഞയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ ലോകകിരീടമെന്ന് സ്വപ്‌ന നേട്ടം സ്വായത്വമാക്കിയ അനുഭൂതിയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ രോഹിത് ശര്‍മ്മയുടെ ഏറ്റവും വലിയ ദിവസമായിരുന്നു അത്.

അതിനാല്‍, വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ അമ്മ പൂര്‍ണിമയ്ക്ക് പങ്കെടുക്കാതിരിക്കാനാകില്ലായിരുന്നു. 30,000-ത്തിലധികം ആളുകള്‍ സ്റ്റേഡിയത്തില്‍ മകന്റെ പേര് വിളിച്ചു ആഘോഷിക്കുന്നത് കാണാന്‍ അവര്‍ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് പോലും മാറ്റിവച്ചു.

ഒടുവില്‍ വൈകാരികമായ ഒരു നിമിഷത്തില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ അമ്മയെ കാണാന്‍ വാങ്കഡെ സ്റ്റേഡിയത്തിലെ പ്രസിഡന്റ് ബോക്‌സിലേക്ക് എത്തി. ഒരു മാസത്തിലേറെ സമയത്തിന് ശേഷം മകനെ കണ്ടുമുട്ടിയ പൂര്‍ണിമ, രോഹിത്തിനെ ചുംബനങ്ങള്‍ കൊണ്ട് മൂടികയായിരുന്നു. ഇത് ക്രിക്കറ്റ് ലോകത്തിന് ഏറെ വൈകാരികമായ കാഴ്ച്ചയായി മാറി.

ലോകകപ്പിനായി പോകുന്നതിനുമുമ്പേ തന്നെ രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ ഇതിനകം തന്നെ പദ്ധതിയിട്ടിരുന്നതായി ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ പൂര്‍ണിമ വെളിപ്പെടുത്തി.

‘ഇങ്ങനെയൊരു ദിവസം ഞാന്‍ സ്വപ്‌നം കണ്ടിരുന്നില്ല. ലോകകപ്പിന് പോകുന്നതിന് മുമ്പ് അവന്‍ ഞങ്ങളെ കാണാന്‍ വന്നിരുന്നു. ഇതിന് ശേഷം ടി20യില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഞാന്‍ വിജയിക്കാന്‍ ശ്രമിക്കൂ എന്ന് പറഞ്ഞ് അവനെ അനുഗ്രഹിച്ചു. എനിക്ക് ഇന്ന് സുഖമില്ലായിരുന്നു, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ഉണ്ടായിരുന്നു, പക്ഷേ ഈ ദിവസം എനിക്ക് ഇങ്ങോട്ട് വന്നേ തീരുമായിരുന്നുളളു’ പൂര്‍ണ്ണിമ പറഞ്ഞു.

‘എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍കൊണ്ട് എനിക്ക് കഴിയില്ല. ആരവങ്ങള്‍ നോക്കൂ. ഇത്തരമൊരു അന്തരീക്ഷം ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. അവന് ലഭിക്കുന്ന സ്‌നേഹത്തിന്റെ അളവ് അവന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ്. ഇന്ന് ഞാന്‍ ഏറ്റവും സന്തോഷവതിയായ അമ്മയാണ്. ഇനിയെന്ത് ചോദിക്കാന്‍ കഴിയും! ഈ ദിവസം ജീവിതത്തില്‍ വീണ്ടും വരില്ല. ലാപ് ഓഫ് ഓണര്‍ നടത്തുമ്പോള്‍, ഇത് വളരെ വൈകാരികമായ നിമിഷമായിരുന്നു, കാരണം അവന്‍ ഇതുപോലുള്ള ഒരു ദിവസത്തിനായി കളിക്കുകയായിരുന്നു’ അമ്മ കൂട്ടിച്ചേര്‍ത്തു.

അമ്മ മാത്രമല്ല, സഹോദരന്‍ വിശാല്‍, എംസിഎ മുന്‍ സെക്രട്ടറി പിവി ഷെട്ടി, രോഹിത് വളര്‍ന്ന സ്‌പോര്‍ട്‌സ്ലൈന്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നിവരെല്ലാം വാങ്കഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷം കാണാന്‍ സന്നിഹിതരായിരുന്നു.

”സാര്‍ (പിവി ഷെട്ടി) ഞങ്ങള്‍ എല്ലാവരും ഇങ്ങോട്ടേയ്ക്ക് പോകണമെന്ന് പറഞ്ഞു, അങ്ങനെ ഞങ്ങള്‍ ഇവിടെ വന്നു. 2007-ല്‍ കിരീടം നേടിയപ്പോള്‍ രോഹിതിനെ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞാന്‍ ചെറുപ്പമായിരുന്നു, പക്ഷേ ഇത് വളരെ പ്രത്യേകതയുള്ളതാണ്. അദ്ദേഹത്തിന് ലഭിച്ച വലിയ ആരവം മുംബൈ അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്’ സഹോദരന്‍ വിശാല്‍ പറഞ്ഞു