രോഹിത്ത് ആര്‍സിബിയുടെ ക്യാപ്റ്റനാകുന്നു, ഡികെ പ്രതികരണം പുറത്ത്
ഐപിഎല്ലിന്റെ അടുത്ത സീസണ്‍ മെഗാ താരലേലത്തിന് വേദിയാകുന്നതിനാല്‍, പല പ്രമുഖ കളിക്കാരുടെയും കൂടുമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ടീം മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവയുള്‍പ്പെടെ നിരവധി ടീമുകളുമായി രോഹിത്തിനെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് (ആര്‍സിബി) രോഹിത് എത്തുമോ എന്ന ചോദ്യത്തിന് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് അവ്യക്തമായ മറുപടിയാണ് നല്‍കിയത്. പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസിന്റെ ഒരു ഷോയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഈ വിഷയം ഉയര്‍ന്നുവന്നത്.
ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റനായി രോഹിത് വരുമോ എന്ന ചോദ്യത്തിന് ഡികെ ആദ്യം ആശ്ചര്യം പ്രകടിപ്പിച്ചു. പിന്നീട്, ഒന്നും മിണ്ടാതെ വ്യത്യസ്ത ഭാവങ്ങളോടെ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയായിരുന്നു.
ഡികെയുടെ ഈ പ്രതികരണം, രോഹിത് ആര്‍സിബിയിലേക്ക് വരാനുള്ള സാധ്യത വളരെ കുറവാണെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. നിലവില്‍ ഫാഫ് ഡുപ്ലെസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. എന്നാല്‍, വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തെ ടീം നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നും പുതിയൊരു ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവരാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മുന്‍നിരയിലുളളത്.
രോഹിത് ശര്‍മ്മയുടെ ഐപിഎല്‍ കരിയറില്‍ ഇതുവരെ ഡെക്കാന്‍ ചാര്‍ജേഴ്സും മുംബൈ ഇന്ത്യന്‍സും മാത്രമാണ് അദ്ദേഹം പ്രതിനിധീകരിച്ചിട്ടുള്ള ടീമുകള്‍. മുംബൈയ്ക്കൊപ്പം അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ അദ്ദേഹം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.