കളിക്കണമെന്നുണ്ടെങ്കില്‍ രോഹിത്തും ഇഷാന്തും ഇക്കാര്യം ചെയ്യണം, ഉപാധിവെച്ച് ശാത്രി

Image 3
CricketCricket News

ഓസീസ് പര്യടനത്തിലെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ രോഹിത് ശര്‍മ്മയ്ക്കും ഇശാന്ത് ശര്‍മ്മയ്ക്കും മുന്നില്‍ ഉപാധി വെച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഓസ്ട്രേലിയയില്‍ എത്തണമെന്നാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ക്വാറന്റീന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്ന് ശാസ്ത്രി പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് ഇരുവരും.

‘രോഹിത്തും ഇഷാന്തുമാണ് എത്ര ദിവസം ബ്രേക്ക് വേണ്ടിവരുമെന്ന് തീരുമാനിക്കുക. പക്ഷേ, ഒരുപാട് വൈകിയാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാവും. ക്വാറന്റീന്‍ ഉള്ളതുകൊണ്ട് തന്നെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേണ്ടി മാത്രം വന്നാലും കളിക്കുക ബുദ്ധിമുട്ടാവും. രോഹിത് ഒരിക്കലും വൈറ്റ് ബോള്‍ സീരീസ് കളിക്കില്ല.’

‘രോഹിത്തിന് എത്ര നാള്‍ വിശ്രമം വേണ്ടി വരുമെന്നാണ് ഞങ്ങള്‍ നോക്കുന്നത്. കാരണം, വിശ്രമത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കാന്‍ പാടില്ല. ടെസ്റ്റ് മത്സരം കളിക്കണമെങ്കില്‍ അടുത്ത മൂന്ന്, നാല് ദിവസങ്ങള്‍ക്കുള്ളില്‍ വിമാനം കയറണം. അല്ലെങ്കില്‍ അത് വളരെ ബുദ്ധിമുട്ടാവും’ രവി ശാസ്ത്രി പറഞ്ഞു.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. എന്നാല്‍, 11ന് ഒരു സന്നാഹ മത്സരം ഉണ്ട്. അതുകൊണ്ട് തന്നെ നവംബര്‍ 26നെങ്കിലും എത്തിയാലേ രോഹിതിനും ഇശാന്തിനും പരമ്പരയില്‍ കളിക്കാന്‍ കഴിയൂ. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്‌നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്‌ബേണിലും നടക്കും