ഇത് പ്രയാസമുളള തലവേദന, എങ്കിലും എനിക്കത് ഇഷ്ടമാണ്, ഇന്ത്യന്‍ കീപ്പര്‍മാരുടെ ഭാവി പറഞ്ഞ് രോഹിത്ത്

ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്ന കാര്യത്തില്‍ തലവേദന വെളിപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. കെ എല്‍ രാഹുലും റിഷഭ് പന്തും ആ സ്ഥാനത്തേയ്ക്ക് ശക്തരായ മത്സരാര്‍ത്ഥികളാണെന്നും ഈ രണ്ട് താരങ്ങളും വ്യത്യസ്തമായ കഴിവുകള്‍ ഉളളവരും സ്വന്തം രീതിയില്‍ മത്സരഫലം നിര്‍ണയിക്കുന്നവരുമാണെന്നും രോഹിത്ത് പറഞ്ഞു.
നേരത്തെ ടി20 ലോകകപ്പില്‍ കളിച്ച പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, അതേസമയം ജനുവരിയിലെ അവസാന മത്സരത്തിന് ശേഷം രാഹുല്‍ ഏകദിനത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. വെള്ളിയാഴ്ച കൊളംബോയില്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇരുവരില്‍ ഒരാള്‍ക്ക് സ്റ്റമ്പുകള്‍ക്ക് പിന്നിലും ബാറ്റിനൊപ്പവും കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും.

‘ഇത് ഒരു ബുദ്ധിമുട്ടുള്ള തീരുമാനമാണ്. രണ്ടുപേരും മികച്ച കളിക്കാരാണ്, നിങ്ങള്‍ക്ക് രണ്ട് കളിക്കാരുടെയും കഴിവുകള്‍ അറിയാം. അവര്‍ സ്വന്തം രീതിയില്‍ മത്സരഫലം നിര്‍ണയിക്കുന്നവരാണ്. മുന്‍കാലങ്ങളില്‍ അവര്‍ നമുക്ക് വേണ്ടി ധാരാളം മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്’ രോഹിത് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതെസമയം കളിക്കാരെ ലഭിക്കാത്ത സാഹചര്യത്തേക്കാള്‍ ധാരാളം ഓപ്ഷനുകള്‍ ലഭിക്കുക എന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും രോഹിത് പറഞ്ഞു.
‘ഇത്തരത്തിലുള്ള ഗുണനിലവാരം ഉള്ളപ്പോള്‍ ഒരു ടീമിനെയോ കളിക്കാരനെയോ തിരഞ്ഞെടുക്കുന്നത് എളുപ്പമല്ല. എന്നാല്‍ ടീമുകളെ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് എനിക്കിഷ്ടമുളള തലവേദനയാണ്’ രോഹിത്ത് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ആരെ തിരഞ്ഞെടുത്താലും, കളിക്കാരന്‍ സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കേണ്ടത് അത്യാവശമാണെന്നും രോഹിത് ഊന്നിപ്പറഞ്ഞു.
‘കളിക്കാര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അങ്ങനെയായാലേ അവര്‍ക്ക് സ്വയം പ്രകടിപ്പിക്കാനാകു. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. അതെ, കളിക്കാര്‍ക്ക് ഇവിടെ വന്ന് സ്വതന്ത്രമായി കളിക്കാന്‍ ഞങ്ങള്‍ ഇതിനകം ആ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്’ രോഹിത്ത് പറഞ്ഞു.
ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസിക്കാനും രോഹിത്ത് മറന്നില്ല. ‘ഇത് (അവന്റെ ക്യാപ്റ്റന്‍സിയില്‍) ആദ്യകാലമാണ്; അതിനെക്കുറിച്ച് ഞാന്‍ വളരെയധികം സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഒരു മികച്ച ജോലി ചെയ്തിട്ടുണ്ട്, അത് തുടരാന്‍ അനുവദിക്കുക’ രോഹിത്ത് പറഞ്ഞു.
രോഹിത് ഗെയ്ക്വാദിനെ ഓര്‍ക്കുന്നു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ വിയോഗത്തെക്കുറിച്ചു വാര്‍ത്ത സമ്മേളനത്തില്‍ രോഹിത്ത് മനസ്സ് തുറന്നു. ഗെയ്ക്കവാദിന്റെ വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ താന്‍ ‘തകര്‍ന്നുപോയെന്നാണ്’ രോഹിത് പറഞ്ഞത്. ദീര്‍ഘകാലത്തെ പോരാട്ടത്തിനൊടുവില്‍ ബുധനാഴ്ച രാത്രി ഗെയ്ക്വാദ് രക്താര്‍ബുദം ബാധിച്ച് മരിച്ചത്.
‘ആ വാര്‍ത്ത കേട്ട് ഞാന്‍ തകര്‍ന്നുപോയി. ബിസിസിഐ അവാര്‍ഡ് സെറിമണികളില്‍ കാണുമ്പോള്‍ ഞങ്ങള്‍ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ഞാന്‍ രഞ്ജി ട്രോഫി കളിക്കുമ്പോള്‍ അദ്ദേഹം അത് കാണാന്‍ വരുമായിരുന്നു.
വളരെ വ്യത്യസ്തമായ ഒരു ക്രിക്കറ്റ് യുഗത്തില്‍ കളിച്ച ഒരു മുതിര്‍ന്ന ക്രിക്കറ്ററില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞത് തനിക്കൊരു നല്ല അനുഭവമായിരുന്നുവെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
‘എന്റെ കളിയെക്കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു, അത് എന്നെ അത്ഭുതപ്പെടുത്തി, കാരണം അദ്ദേഹം ഇന്ത്യയ്ക്കായി ഇത്രയും മികച്ച ക്രിക്കറ്ററായിരുന്നു. പഴയ കാലത്ത് ക്രിക്കറ്റ് എങ്ങനെയാണ് കളിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ നിങ്ങളുടെ മുതിര്‍ന്നവരില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുന്നത് എപ്പോഴും നല്ലതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം. നിങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍, അത് എപ്പോഴും ബുദ്ധിമുട്ടാണ്’ രോഹിത്ത് പറഞ്ഞുനിര്‍ത്തി.