ഇംഗ്ലണ്ടിനെതിരെ ആരൊക്കെ? സെമിയിൽ ടീം മാറുമോ? വലിയ സൂചന നൽകി രോഹിത് ശർമ്മ

Image 3
CricketTeam IndiaWorldcup

നാളെ നടക്കാനിരിക്കുന്ന (ജൂൺ 27) ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ച് വ്യക്തമായ സൂചന നൽകി നായകൻ രോഹിത് ശർമ്മ. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു രോഹിതിന്റെ മറുപടി.

രോഹിത് ശർമ്മയുടെ ഇന്ത്യയും, ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടും സെമിയിൽ ഏറ്റുമുട്ടുമ്പോൾ ആരാധകർ ഏറെ ആവേശത്തോടെയാണ് ടീം ഇലവനായി കാത്തിരിക്കുന്നത്. മധ്യനിരയിലെ ബാറ്റിംഗ് കരുത്ത് വർദ്ധിപ്പിക്കാൻ സഞ്ജു സാംസൺ ടീമിലെത്തുമോ എന്ന് മലയാളി ആരാധകർ ഉറ്റുനോക്കുമ്പോൾ, ഓപ്പണിങ്ങിൽ ഇതുവരെ തിളങ്ങാനാവാത്ത വിരാട് കൊഹ്‌ലിയെ മാറ്റി മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെ കളിപ്പിക്കുമോ എന്നും ആരാധകർ ചോദിക്കുന്നു. അങ്ങനെയെങ്കിൽ മൂന്നാം നമ്പറിൽ സ്വതസിദ്ധമായ ശൈലിയിൽ കോഹ്‌ലിക്ക് ബാറ്റുവീശാനുമായേക്കും.

നിർണായക മത്സരത്തിന് മുന്നോടിയായി, ടീം കോമ്പിനേഷനെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ നായകന്റെ മറുപടി ഇങ്ങനെ. “രഹസ്യമൊന്നുമില്ല, മൂന്ന് സ്പിന്നർമാർ കളിക്കുന്നുണ്ട്. പിച്ച് റോൾ ചെയ്ത ശേഷം വിലയിരുത്തും”

മൂന്ന് സ്പിന്നർമാരുമായി തുടരാനാണ് സാധ്യത

ചരിത്രപരമായി സ്പിന്നിനെ തുണയ്ക്കുന്ന ഗയാനയിലെ പിച്ചിൽ മൂന്ന് സ്പിന്നർമാരുമായി ഇന്ത്യ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കഴിഞ്ഞ മത്സരങ്ങളിലൊന്നും തന്നെ, രോഹിത് ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ കാര്യമായ പരീക്ഷണങ്ങൾക്ക് തയ്യാറായിട്ടില്ല. കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരുടെ സ്പിൻ ത്രയം ഗയാനയിലെ പിച്ചിൽ ടീം ഇന്ത്യക്ക് മുതൽക്കൂട്ടാകും.

അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ പേസ് വിഭാഗത്തെ നയിക്കുന്നു, നാലാമത്തെ ഓപ്ഷനായി ശിവം ദുബെയെ നിലനിർത്തുമോ അതോ, സ്പെഷ്യലൈസ്ഡ് ബാറ്റിംഗ് ഓപ്‌ഷനായ സഞ്ജു സാംസൺ, അല്ലെങ്കിൽ യശസ്‌വി ജയ്‌സ്വാൾ എന്നിവരിൽ ആർക്കെങ്കിലും ചാൻസ് ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബാറ്റിംഗ് നിര

ബാറ്റിംഗ് നിരയിൽ, വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഓപ്പണിംഗ് ജോഡിയായി തുടർന്നേക്കും. മൂന്നാം നമ്പറിൽ ഋഷഭ് പന്തും തുടർന്ന് സൂര്യകുമാർ യാദവ്, ശിവം ദുബെ (അല്ലെങ്കിൽ സഞ്ജു സാംസൺ/ജയ്‌സ്വാൾ), ഹാർദിക് പാണ്ഡ്യ എന്നിവർ ഇന്ത്യയുടെ താരനിബിഡമായ ബാറ്റിംഗ് നിരയിൽ കളിക്കും. അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും മധ്യനിരയിൽ ആഴം നൽകുന്നു.

സാധ്യതാ ഇലവൻ

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ (അല്ലെങ്കിൽ സഞ്ജു സാംസൺ/ജയ്‌സ്വാൾ), ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അർശ്ദീപ് സിങ്, ജസ്പീത് ഭുമ്ര