കോഹ്ലിയുടെ ബാറ്റിംഗ് ഫോമിനെ കുറിച്ച് ചോദ്യം, പൊട്ടിത്തെറിച്ച് രോഹിത്ത്

ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് നിരുപാദിക പിന്തുണയുമായി വീണ്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളത്തിലാണ് കോഹ്ലിയുടെ ബാറ്റിംഗ് ഫോമിനെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനെതിരെ രോഹിത്ത് രൂക്ഷമായി നേരിട്ടത്.
‘മാധ്യമങ്ങള്‍ അല്പം ശാന്തത കാണിച്ചാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വിരാട് കോലി നല്ല നിലയിലാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് അദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെസമയം ചിലവഴിച്ച താരത്തിന് സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാം. നിങ്ങളില്‍ നിന്നാണ് എല്ലാ വിര്‍ശനങ്ങളും ആരംഭിച്ചത്. നിങ്ങള്‍ കുറച്ചൊന്ന് മൗനം പാലിച്ചാല്‍ എല്ലാം ശരിയാകും’ രോഹിത് ശര്‍മ്മ പറഞ്ഞു.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ പൂര്‍ണസമയ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം രോഹിത് ശര്‍മ്മ കോഹ്ലിയെ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ല. നേരത്തെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാതിരുന്ന കോഹ്ലിയെ ശക്തമായി പിന്തുണച്ച് രോഹിത് ശര്‍മ്മ രംഗത്തുവന്നിരുന്നു.
‘കോലിയുടെ ഫോമിനെ കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റിന് ഒരു ആശങ്കയുമില്ല. കോലി ദക്ഷിണാഫ്രിക്കയില്‍ നന്നായി കളിച്ചിരുന്നു. കോഹ്ലിയുടെ ബാറ്റിംഗില്‍ ഒരു പ്രശ്നവുമില്ലെ’ന്നും രോഹിത് ശര്‍മ്മ അന്ന് കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോഹ്ലി സെഞ്ചുറി വരള്‍ച്ച നേരിടുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി റണ്‍മെഷിന്റെ ബാറ്റില്‍ നിന്ന് മൂന്നക്കം പിറന്നിട്ട്. ഏകദിനത്തില്‍ സെഞ്ച്വറി കണ്ടിട്ട് മൂന്ന് വര്‍ഷമായി.