രോഹിത്ത് സൂര്യയുടെ കരിയര്‍ നശിപ്പിക്കുകയാണ്, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യ പരീക്ഷണം ആവര്‍ത്തിച്ചു. ഓപ്പണിംഗ് സ്ലോട്ടില്‍ ഒരിക്കല്‍ കൂടി രോഹിത്തിന്റെ പങ്കാളിയായി സൂര്യകുമാര്‍ യാദവ് കളിക്കാനിറങ്ങി. എന്നാല്‍ ഇത്തവണ പരീക്ഷണം അമ്പേ പാളി.
ആദ്യ പന്തില്‍ തന്നെ രോഹിത്ത് പുറത്തായി. സൂര്യകുമാര്‍ യാദവിനും ഒന്നും ചെയ്യാനായില്ല. ആറ് പന്തില്‍ 11 റണ്‍സുമായി സൂര്യയും മടങ്ങി. ആദ്യ മത്സരത്തില്‍ 24 റണ്‍സായിരുന്നു സൂര്യ നേടിയിരുന്നത്.
ഇതോടെ രോഹിത്തിന്റെ പരീക്ഷണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പരമ്പരയില്‍ ഓപ്പണറായി സ്‌കൈയെ ഉപയോഗിച്ചതിനെതിരെ ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി.
‘നാലാം നമ്പര്‍ താരമാണ് സൂര്യകുമാര്‍ യാദവ്. അവന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പാടില്ല. പകരം ശ്രേയസ് അയ്യരെ ഒഴിവാക്കി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തി ഓപ്പണറായി കളിപ്പിക്കുക. സൂര്യകുമാര്‍ യാദവിനെ നശിപ്പിക്കരുത്. ദയവായി അത് ചെയ്യരുത്. ഒന്നുരണ്ട് പരാജയങ്ങള്‍ക്ക് ശേഷം അയാള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടും’ ശ്രീകാന്ത് പറഞ്ഞു.
നേരത്തെ, പരമ്പര ഓപ്പണറിനിടെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും സൂര്യകുമാറിനെ ഓപ്പണറാക്കിയതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. ജയപരാജയങ്ങള്‍ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെയാണ് മത്സരം വിന്‍ഡീസ് വരുതിയിലാക്കിയത്. അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസിന്റെ ജയം. ആറ് വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് കളിയിലെ താരം.