ഏകദിന ലോകകപ്പ് നേടിയിട്ടെ കളി നിര്‍ത്തു, വമ്പന്‍ വെളിപ്പെടുത്തലുമായി രോഹിത്ത്

Image 3
CricketCricket News

ഉടനൊന്നും വിരമിക്കുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുന്നില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. ഇന്ത്യയ്ക്കായി ലോകകപ്പ് നേടുക എന്ന ലക്ഷ്യമാണ് തന്നെ ഇപ്പോഴും ത്രസിപ്പിക്കുന്നതെന്നും അതിനായി പൊരുതുമെന്നും രോഹിത്ത് പറയുന്നു. വിരമിക്കല്‍ ആലോചനകളെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രോഹിത്ത്.

‘ഞാനിപ്പോള്‍ ഒരു കാരണവശാലും വിരമിക്കലിനെപ്പറ്റി ചിന്തിക്കുന്നില്ല. പക്ഷേ ജീവിതം എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നതിനെപ്പറ്റി എനിക്കറിയില്ല. ഈ സമയം വരെ ഞാന്‍ നന്നായി കളിക്കുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ കുറച്ചധികം വര്‍ഷങ്ങള്‍ കൂടി മുന്‍പോട്ടു പോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ രോഹിത്ത് തുറന്ന് പറഞ്ഞു.

‘അതിനുശേഷം എന്ത് സംഭവിക്കും എന്നതിനെപ്പറ്റിയും എനിക്കറിയില്ല. എന്തായാലും ലോകകപ്പ് വിജയിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹം. 2025ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുകയാണ്. ഇന്ത്യ അവിടെയും വിജയിക്കും എന്നാണ് ഞാന്‍ കരുതുന്നത്’ രോഹിത് ശര്‍മ പറയുകയുണ്ടായി.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ജൈത്രയാത്രയെ കുറിച്ച് വലിയ ആവേശത്തോടെയാണ് രോഹിത്ത് സംസാരിച്ചത്.

’50 ഓവര്‍ ലോകകപ്പാണ് എന്നെ സംബന്ധിച്ച് യഥാര്‍ത്ഥ ലോകകപ്പ്. ഞാന്‍ വളര്‍ന്നത് 50 ഓവര്‍ ലോകകപ്പ് കണ്ടു കൊണ്ടാണ്. അതിലും പ്രധാനപ്പെട്ട കാര്യം അത് ഇന്ത്യയില്‍ നമ്മുടെ ജനങ്ങളുടെ മുന്‍പില്‍ വച്ച് നടക്കുന്നു എന്നതായിരുന്നു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെ നന്നായി കളിക്കാന്‍ നമുക്ക് സാധിച്ചു. സെമിഫൈനല്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഒരു പടികൂടി കടന്നാല്‍ നമ്മള്‍ കപ്പ് ഉയര്‍ത്തുമല്ലോ എന്നാണ്. ഞങ്ങള്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു’ രോഹിത് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐപിഎല്‍ കളിക്കുകയാണ് ഇന്നത്യന്‍ ക്യാപ്റ്റന്‍. മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത്ത് അതിന് ശേഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിയ്ക്കും.