വലിയ കടമ്പ ചാടിക്കടന്ന് രോഹിത്ത്, ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ആവേശ വാര്‍ത്ത

വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ നില്‍ക്കുന്ന രോഹിത്ത് ശര്‍മ്മ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ബിസിസിഐ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റാണ് ഇന്ത്യന്‍ നായകന്‍ പാസായത്. ഇതോടെ വിന്‍ഡീസിനെതിരെ പരമ്പരയില്‍ രോഹിത്ത് നായകനായി ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ദയനീയ പരാജയം നേരിടേണ്ടി വന്ന ടീം ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് രോഹിതിന്റെ ഈ തിരിച്ചു വരവ്.

പരിക്കില്‍ നിന്ന് നേരത്തെ തന്നെ മോചിതനായിരുന്ന രോഹിതിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് ഈ വാരാന്ത്യത്തില്‍ നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിചാരിച്ചിരുന്നതിലും നേരത്തെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തിയ രോഹിത് ഇന്ന് നടത്തിയ ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിക്കുകയായിരുന്നു. ഇതോടെ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും.

അതേ സമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ച ടീമില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയാകും വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിനെ ഇന്ത്യ തിരഞ്ഞെടുക്കുകയെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയില്‍ നിരാശപ്പെടുത്തിയ ഭുവനേശ്വര്‍ കുമാറിന് ടീമില്‍ നിന്ന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ചികിത്സയിലായതിനാല്‍ സീനിയര്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും വിന്‍ഡീസിനെതിരെ കളിച്ചേക്കില്ല. ടീമിലെ മറ്റൊരു സീനിയര്‍ ബോളറായ ജസ്പ്രിത് ഭുംറക്ക് ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി വിശ്രമവും അനുവദിക്കും.

മുഹമ്മദ് ഷമി, റിഷി ധവാന്‍, ഷാറൂഖ് ഖാന്‍ എന്നിവര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടേയ്ക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് മത്സരങ്ങള്‍ വീതം അടങ്ങിയ ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യയും, വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുക. ആറാം തീയതി ഏകദിനത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും അഹമ്മദാബാദ് വേദിയാകുമ്പോള്‍, ടി20 പരമ്പരയിലെ മത്സരങ്ങള്‍ക്ക് കൊല്‍ക്കത്തയാണ് ആതിഥേയത്വം വഹിക്കുന്നത്.

 

You Might Also Like