രോഹിത്തിന്റെ പരിക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വിജയം നേടിയെങ്കിലും ടീം ഇന്ത്യക്ക് വലിയ ആശങ്ക സമ്മാനിച്ചതായിരുന്നു നായകന്‍ രോഹിത് ശര്‍മ്മക്കേറ്റ പരിക്ക്. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ രോഹിത്, തുടര്‍ന്ന് പുറം വേദന കലശലായതോടെ റിട്ടയേഡ് ഹര്‍ട്ട് ചെയ്ത് മൈതാനം വിടുകയായിരുന്നു.

രോഹിതിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും താരം പരമ്പരയിലെ അവസാന മത്സരങ്ങളില്‍ കളിക്കാനുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോളിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.

മൂന്നാം ടി20ക്കിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ ആരോഗ്യം വീണ്ടെടുത്തെന്നും വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ അദ്ദേഹം സെലക്ഷന് ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം രോഹിത് ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും ഏഷ്യാകപ്പും, ടി20 ലോകകപ്പും മുന്നില്‍ നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് കൂടുതല്‍ ശ്രദ്ധാലുക്കളാണെന്നും അതിനാല്‍ ഈ മത്സരങ്ങളില്‍ നിന്ന് താരത്തിന് വിശ്രമം നല്‍കിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നുമുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

അതേ സമയം രോഹിത് ശര്‍മ്മ കളിച്ചില്ലെങ്കില്‍ ഇടം കൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനാകും പകരം ടീമില്‍ അവസരം ലഭിക്കുക. സമീപകാലത്ത് മിന്നും ഫോമിലാണെങ്കിലും വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ 3 മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. രോഹിത് പുറത്തിരുന്നാല്‍ ആര് ഇന്ത്യയെ നയിക്കുമെന്നതും ഒരു ചോദ്യചിഹ്നമാണ്. ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയാണ് നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഉപനായകന്‍. അതിനാല്‍ രോഹിതിന്റെ അഭാവത്തില്‍ ഹാര്‍ദിക്കിന് ടീമിന്റെ ക്യാപ്റ്റന്‍സി ലഭിക്കുമെന്നാണ് സൂചന.