സസ്‌പെന്‍സിന് ആവസാനം, പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ

Image 3
CricketTeam India

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത്ത് ശര്‍മ്മയെ പ്രഖ്യാപിച്ചു. പ്രതീക്ഷിക്കപ്പെട്ടതുപോലെ തന്നെ രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍. ഇതോടെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും രോഹിത്ത് ശര്‍മ്മ ഇന്ത്യയുടെ നായകനായി. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോല്‍വി നേരിട്ടത്തിന് പിന്നാലെ വിരാട് കോഹ്ലി ടെസ്റ്റ് നായക സ്ഥാനം രാജിവെച്ചതോടെയാണ് പുതിയ ടെസ്റ്റ് നായകനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് അടിയറവ് വെച്ചിരുന്നു.

ഇതോടെ രോഹിത്തിന്റെ കീഴിലാകും ശ്രീലങ്കയ്‌ക്കെതിരെയുളള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇറങ്ങുക. ഇതാദ്യമായാണ് രോഹിത്ത് ഇന്ത്യയുടെ സമ്പൂര്‍ണ്ണ നായകനായി മാറുന്നത്.

നേരത്തെ രോഹിത്തിന് കീഴില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയും വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന, ടി20 പരമ്പരയും സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഭാഗ്യ നായകനായി ഇതിനോടകം വിലയിരുത്തപ്പെട്ട രോഹിത്ത് ടെസ്റ്റില്‍ കൂടി നായകനാകുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് മറ്റൊരു തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി രോഹിത്ത് ശര്‍മ്മ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ബിസിസിഐ പ്രതിനിധികള്‍ തന്നെ അനൗദ്യോഗികമായി സമ്മതിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.