ഇതാണ് സമയം, അന്തിമ പ്രഖ്യാപനം നടത്തി രോഹിത്ത് ശര്‍മ്മയും

Image 3
CricketFeaturedTeam IndiaWorldcup

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മയും. ടി20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത്ത് താന്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വരിമിക്കുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് വിരാട് കോഹ്ലിയും അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

‘എന്റെ അവസാന ടി20 മത്സരമായിരുന്നു കഴിഞ്ഞ് പോയത്്. ഈ ഫോര്‍മാറ്റിനോട് വിട പറയാന്‍ ഇതിനും മികച്ച മറ്റൊരു സമയമില്ല എന്ന് ഞാന്‍ വിലയിരുത്തുന്നു. ടി20യിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്’ രോഹിത്ത് പറഞ്ഞു.

‘ടി20 ഫോര്‍മാറ്റില്‍ കളിച്ചുകൊണ്ടാണ് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുന്നത്. എനിക്ക് വേണ്ടത് എല്ലാം ഈ ഫോര്‍മാറ്റില്‍ നിന്നും ലഭിച്ചു. ഈ ടി20 ലോകകപ്പ് എനിക്ക് നേടണമായിരുന്നു. കൂടുതല്‍ പറയാനാവുന്നില്ല. ഈ ലോകകപ്പ് ഞാന്‍ അതിയായി മോഹിച്ചിരുന്നു. കിരീടം നേടാനായതില്‍ ഏറെ സന്തോഷം’ രോഹിത് പറഞ്ഞു.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് വിടപറയുന്നത്. 159 മത്സരങ്ങളിലെ 151 ഇന്നിംഗ്സുകളില്‍ നിന്ന് 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ അന്താരാഷ്ട്ര ടി20യില്‍ രോഹിത്ത് നേടിയിട്ടുണ്ട്.

32.05 ശരാശരിയില്‍ 140.89 പ്രഹര ശേഷിയിലായിരുന്നു രോഹിത്തിന്റെ ബാറ്റിംഗ്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം.