ജയിച്ചിട്ടും അതൃപ്തി പരസ്യമാക്കി രോഹിത്ത് ശര്‍മ്മ
വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും പൂര്‍ണ്ണമായ തൃപ്തനാകാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മത്സര ശേഷം മുരളി കാര്‍ത്തികുമൊപ്പം നടത്തി പ്രെസന്റേഷനിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അതൃപ്തി വ്യക്തമാക്കിയത്.
‘ മത്സരം കുറച്ചുകൂടി നേരത്തെ ഫിനിഷ് ചെയ്യാമായിരുന്നു. ക്ലിനിക്കല്‍ ഫിനിഷാണ് അഗ്രഹിച്ചത്. മത്സര വിജയത്തില്‍ സന്തോഷമുണ്ട്. ഇതില്‍ നിന്നും ഒട്ടേറെ ആത്മവിശ്വാസം ലഭിക്കും. വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ബോളര്‍മാര്‍ നന്നായി ശ്രമിച്ചു. പക്ഷേ ബാറ്റിംഗില്‍ ഞങ്ങള്‍ മികച്ചതായിരുന്നില്ലാ. ഇതില്‍ നിന്നും ഒട്ടേറെ പഠിക്കാനുണ്ട്’ രോഹിത് ശര്‍മ്മ പറഞ്ഞു.
മത്സരത്തില്‍ രോഹിത്ത് ശര്‍മ്മയുടെ തീപ്പൊരി ബാറ്റിംഗിലൂടെ (19 പന്തില്‍ 40 റണ്‍സ്) മികച്ച തുടക്കം ലഭിച്ച ഇന്ത്യയ്ക്ക് മധ്യനിരയില്‍ ആ മേധാവിത്വം പുലര്‍ത്താന്‍ സാധിച്ചില്ല. വിരാട് കോഹ്ലി (17) റിഷഭ് പന്ത് (8) എന്നിവര്‍ ചെറിയ സ്‌കോറില്‍ പുറത്തായതും ഓപ്പണര്‍ ഇഷാന്‍ കിഷനാകട്ടെ (42 പന്തില്‍ 35) റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതും തിരിച്ചടിയായി. ഇതാണ് ഇന്ത്യയുടെ വിജയം അവസാന ഓവറുകളിലേക്ക് നീങ്ങിയത്.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍ സഖ്യമാണ് ഒരുവേള തോല്‍വി മുന്നില്‍ കണ്ടിടത്ത് നിന്നും ഇന്ത്യയെ അനായാസ ജയത്തിലെത്തിച്ചത്. സൂര്യ 18 പന്തില്‍ 34ലും വെങ്കിടേഷ് 13 പന്തില്‍ 24ലും റണ്‍സെടുത്തു.
വിജയത്തോടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഇന്ത്യയ്ക്കായി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു.