രോഹിത്തിന് വീണ്ടും പരിക്കേറ്റു?, പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20ക്ക് മുന്‍പായി പരിശീലന സെഷനില്‍ പങ്കെടുക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പരിശീലക സെഷനില്‍ നിന്ന് രോഹിത്ത് വിട്ടുനില്‍ക്കാനുളള കാരണമെന്തെന്ന് വ്യക്തമല്ല. ഇതോടെ ക്യാപ്റ്റന്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ എന്ന ചോദ്യങ്ങളുമായി ആരാധകര്‍ എത്തി.

മത്സര ദിനമായ ഞായറാഴ്ച മാത്രമാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്. കാര്യവട്ടം ട്വന്റി20ക്ക് ശേഷം ഇന്ത്യന്‍ ടീം വ്യാഴാഴ്ച ഗുവാഹത്തിയിലേക്ക് തിരിച്ചെങ്കിലും രോഹിത് ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. അതെന്തായിരുന്നു എന്ന കാര്യവും വ്യക്തമല്ല. ഞയറാഴ്ച രാവിലെയാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത് എന്നാണ് ഇന്‍ഡൈസ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളായ രവീന്ദ്ര ജഡേജയും ജസ്പ്രിത് ഭുംറയും പരിക്കേറ്റ് പുറത്താണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന് കൂടി ഫിറ്റ്നസ് പ്രശ്നങ്ങള്‍ നേരിട്ടാല്‍ ഇന്ത്യക്ക് അത് കനത്ത പ്രഹരമാവും.

ഒക്ടോബര്‍ ആറിന് ഇന്ത്യന്‍ സംഘം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യില്‍ രോഹിത് പൂജ്യത്തിന് പുറത്തായി. ലോകകപ്പിന് മുന്‍പ് റണ്‍സ് സ്‌കോര്‍ ചെയ്ത് ആത്മവിശ്വാസം നിലനിര്‍ത്താനാവും ദക്ഷിണാഫിക്കയ്ക്കെതിരായ ഇനിയുള്ള രണ്ട് മത്സരങ്ങളിലൂടെ രോഹിത് ലക്ഷ്യം വെക്കുക.

You Might Also Like