രോഹിത് ടീം ഇന്ത്യയിലെത്തിച്ചത് ആ വിജയമന്ത്രം; സൂപ്പർതാരത്തിന്റെ വെളിപ്പെടുത്തൽ

Image 3
CricketTeam India

സൂര്യകുമാർ യാദവ് അടക്കമുള്ള യുവതാരങ്ങൾ ഇപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും, പരിശീലകൻ രാഹുൽ ദ്രാവിഡിനും അവകാശപ്പെട്ടതാണെന്ന്  ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ കളിക്കാൻ ആവശ്യമായ സ്വാതന്ത്ര്യവും, സുരക്ഷിതത്വവും, ഉപദേശവും യുവതാരങ്ങൾക് നൽകുന്നത്  രണ്ടു പേരുമാണ് എന്നാണ് ഹർദിക്കിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ അഞ്ചോ, ആറോ വർഷങ്ങളിൽ  നിന്നും വ്യത്യസ്തമായി എപ്പോഴും ആക്രമണശൈലിയിൽ കളിക്കാനാണ് രോഹിത് ശർമ്മ ടീമിനോട് ആവശ്യപ്പെടുന്നത്. നേരത്തെ ആക്രമണവും പ്രതിരോധവും ഇഴകലർന്ന ശൈലിയിലായിരുന്നു വിരാട് കോഹ്ലി ടീമിനെ നയിച്ചിരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി കളിയിൽ എന്തുതന്നെ സംഭവിച്ചാലും എപ്പോഴും പോസിറ്റീവായി മാത്രം കളിക്കാനാണ് രോഹിതും ദ്രാവിഡും ആവശ്യപ്പെടുന്നത്.

ഇന്നത്തെ ഇന്ത്യൻ ടീം പത്തിന് മൂന്ന് എന്ന നിലയിൽ തകർന്നാലും എതിർടീമിന് ആശ്വസിക്കാനാവില്ല. ആ നിലയിൽ പോലും എങ്ങനെ 20 ഓവർ തികയ്ക്കാം എന്നല്ല മറിച്ച്, എങ്ങനെ 190 റൺസ് എങ്കിലും സ്‌കോർ ചെയ്യാം എന്നാണ് താരങ്ങൾ നോക്കുന്നത്. ഒന്നോ രണ്ടോ മത്സരങ്ങൾ പരാജയപ്പെട്ടാലും ആവശ്യത്തിന് അവസരങ്ങൾ ലഭിക്കും എന്ന് താരങ്ങൾക്ക് ഇപ്പോൾ ഉറപ്പുണ്ട്. കളി മോശമായാൽ തിരുത്താനുള്ള ഉപദേശങ്ങളും വിളിപ്പുറത്തുണ്ട്. ഈ ധൈര്യം യുവതാരങ്ങൾക്ക് നൽകുന്നത് രോഹിതും, ദ്രാവിഡുമാണ്. പാണ്ട്യ പറയുന്നു.

കൂടാതെ, ഇന്ത്യയുടെ വിശ്വസ്ത ബാറ്സ്മാനായി സൂര്യകുമാർ യാദവിന്റെ ഉദയത്തിലും മുഴുവൻ ക്രെഡിറ്റ് രോഹിത്തിനാണെന്നാണ് പാണ്ട്യയുടെ പക്ഷം. സൂര്യയെ ഓപ്പണർ ആക്കി പരീക്ഷിക്കാനുള്ള തീരുമാനം രോഹിതിന്റെതായിരുന്നു. മൂന്നാം ടി20യിൽ ഓപ്പണറായി ഇറങ്ങിയ സൂര്യകുമാറിനെ 44 പന്തിൽ 76 റൺസ് നേടിയ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയത്.