റോണോയുടെ ആ റെക്കോര്‍ഡ്‌ തകര്‍ന്നേക്കും, ചാമ്പ്യന്‍സ് ലീഗില്‍ ലെവന്‍ഡോസ്‌കിയുടെ കുതിപ്പ്‌

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ റെക്കോർഡുകളുടെ തോഴനാണ് നിലവിലെ യുവന്റസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ. എന്നാൽ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന് ഭീഷണിയായിരിക്കുകയാണ് ബയേൺ മ്യുണിക്ക് സൂപ്പർതാരമായ റോബർട്ട്‌ ലെവൻഡോവ്സ്‌കി.

ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനു വേണ്ടി മികച്ച പ്രകടനമാണ് ഈ മുപ്പൊന്നുകാരൻ കാഴ്ച വെക്കുന്നത്. ബുണ്ടസ്‌ലിഗ ഗോൾവേട്ടയിൽ ഒന്നാമതുള്ള താരം 35 ഗോളുകളാണ് ബയേണ് വേണ്ടി ഈ സീസണിൽ അടിച്ചുകൂട്ടിയത്. യൂറോപ്യൻ ബൂട്ട് വെറും ഒരു ഗോളിനാണ് ലെവൻഡോവ്സ്‌കിക്ക് ലാസിയോ താരം ഇമ്മൊബിലെയോട് നഷ്ടമായത്.

എന്നാൽ 13 ഗോളുകളുമായി ചാമ്പ്യൻസ്‌ലീഗിലും മികച്ച പ്രകടനം തുടരുകയാണ് ഈ പോളണ്ട് സ്‌ട്രൈക്കർ. ചാമ്പ്യൻസ്‌ലീഗിൽ ഇനി നിലവിലുള്ള മൂന്നുമത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടാനായാൽ 2013-14 സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി 17 ഗോളുകൾ കരസ്ഥമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ റെക്കോർഡിനെ മറികടക്കാൻ ലെവൻഡോവ്സ്‌കിക്ക് സാധിക്കും.

പ്രീ ക്വാർട്ടറിനു ശേഷം രണ്ടാം പാദ മത്സരങ്ങൾ ഒഴിവാക്കിയതാണ് ലെവൻഡോവ്സ്കിക്ക് തിരിച്ചടിയായത്. രണ്ടാം പാദ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഗോളടിമികവുകൊണ്ട് ഈ റെക്കോർഡ് ഭേദിക്കുമെന്നുറപ്പാണ്. ഈ സീസണിലെ ചാമ്പ്യൻസ്‌ലീഗ് ഉയർത്താൻ സാധ്യതയുള്ള മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബയേണിനൊപ്പം റെക്കോർഡുകളും തകർക്കാനുള്ള ശ്രമത്തിലാണ് റോബർട്ട്‌ ലെവൻഡോവ്സ്‌കി.

You Might Also Like