മുപ്പത്തെട്ട് വയസ്സ് വരെ മെസി ബാഴ്സയിൽ തുടരും, ശുഭാപ്തി വിശ്വാസവുമായി ബാഴ്‌സ ഇതിഹാസം റിവാൾഡോ

Image 3
FeaturedFootballLa Liga

സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തുടരാൻ തീരുമാനിച്ചതിൽ അത്ഭുതമില്ലെന്ന പക്ഷക്കാരനാണ് ബാഴ്‌സയുടെ ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ബെറ്റ്ഫെയറിന്റെ അംബാസിഡറായ റിവാൾഡോ അവർക്ക് നൽകിയ അഭിമുഖത്തിലാണ് മെസിയെക്കുറിച്ച് മനം തുറന്നത്. മെസി മുപ്പത്തിയെട്ടാം വയസ്സ് വരെ ബാഴ്സയിൽ കളിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പ്രസിഡന്റ്‌ വരുന്നതോടെ മെസ്സി ബാഴ്‌സയിൽ തുടരാൻ സാധ്യതയുണ്ടെന്നും റിവാൾഡോ അഭിപ്രായപ്പെട്ടു.

” മെസ്സി ബാഴ്സയിൽ തുടർന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. ഈ സീസണിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാനുണ്ട്. ബാഴ്‌സ റൊണാൾഡ് കൂമാന്റെ കീഴിൽ പുതിയൊരു ജീവിതം ആരംഭിക്കുകയാണ്. കൂടാതെ മാർച്ചിൽ പ്രസിഡന്റ്‌ ഇലക്ഷനും നടക്കുന്നുണ്ട്. മെസ്സി നിലവിലെ പ്രസിഡന്റ്‌ ബർത്തോമുവിനെ വിമർശിച്ചിരുന്നു. അടുത്ത മാർച്ചിൽ പുതിയ പ്രസിഡന്റ്‌ ബാഴ്‌സക്ക് വന്നേക്കും. അതുമൂലം മെസ്സി ബാഴ്സയിൽ തുടരാനിടയുണ്ട്. “


” മെസ്സിയുടെ ജീവിതം ബാഴ്‌സയിലാണ്. അദ്ദേഹത്തിന്റെ കുടുംബം ഇവിടെ സന്തുഷ്ടരാണ്. ആരാധകരുമായി അഭേദ്യമായ ബന്ധമാണ് മെസിക്കുള്ളത്. ഇതൊക്കെകൊണ്ടാണ് അദ്ദേഹം ബാഴ്സയിൽ തുടരാൻ തീരുമാനിച്ചത്. പുതിയ പ്രസിഡന്റ്‌ വരുമ്പോൾ മെസിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കപ്പെടാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും കഴിയും. കൂടാതെ മെസി ബാഴ്സയുമായി കരാർ പുതുക്കുകയും ചെയ്യും.”

“മെസ്സി ബാഴ്‌സയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം മുപ്പത്തിയെട്ട് വയസ്സുവരെ ബാഴ്സയിൽ കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. മെസ്സി ബാഴ്‌സ വിടാൻ അനുവാദം ചോദിച്ചതിനാൽ പലരും അദ്ദേഹത്തിന്റെ ആത്മാർത്ഥയെ ചോദ്യം ചെയ്യുന്നത് കണ്ടു. എന്നാൽ എനിക്ക് തോന്നുന്നത് പഴയ മെസി തന്നെയായിരിക്കും ഈ സീസണിലും. അദ്ദേഹത്തിന്റെ ഇഷ്ടക്ലബ്ബിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം തന്നെ മെസി പുറത്തെടുക്കും ” റിവാൾഡോ അഭിപ്രായപ്പെട്ടു.