സിറ്റിയിലേക്ക് പോകൂ, മെസിയ്ക്ക് ഉപദേശവുമായി റിവാള്‍ഡോ
ബോർഡുമായുള്ള അസ്വാരസ്യം മൂലം ബാഴ്സലോണ വിടാനൊരുങ്ങുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച ക്ലബ്ബ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയായിരിക്കുമെന്ന് മുൻ ബാഴ്സലോണ താരം റിവാൾഡോ. കഴിഞ്ഞ ദിവസം ദി മിററിനോട് മെസിയുടെ തീരുമാനത്തെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാർഡിയോള ബാഴ്സലോണയെ കളി പഠിപ്പിച്ചിരുന്ന സമയം ക്ലബ്ബിൽ വളരെ മികച്ച പ്രകടനമായിരുന്നു മെസി കാഴ്ചവെച്ചിരുന്നത്. 2008 മുതൽ 2012 വരെ ബാഴ്സലോണയുടെ പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോളയാണ് സിറ്റിയുടെ പരിശീലകനെന്നത് മെസ്സിക്കും ഗുണകരമായേക്കും. ഗ്വാർഡിയോളക്കൊപ്പം ഒരുമിക്കുന്നത് മെസിയുടെ ഏറ്റവും മികച്ച പ്രകടനം പുറത്ത് കൊണ്ടു വരുന്നതിന് കാരണമായേക്കാമെന്നാണ് റിവാൾഡോയുടെ പക്ഷം.
“അടുത്ത ക്ലബ്ബ് എന്ന നിലയിൽ മെസിക്കു തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയാണ്. നിലവിൽ മെസിക്ക് 33 വയസുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ നിലവാരവും, പ്രതിഭയും ചോദ്യം ചെയ്യാനാവാത്തതാണ്.തന്റെ മികവ് മെസിക്ക് ഇനിയും കുറച്ച് വർഷങ്ങൾ കൂടി തുടരാനാവുമെന്നാണ് എനിക്ക് തോന്നുന്നത്”
“അദ്ദേഹത്തിന് വളരെ വേഗത്തിൽ ഇംഗ്ലണ്ടിൽ തിളങ്ങാൻ കഴിയും. ഗാർഡിയോള മെസിയെ ചുറ്റിപ്പറ്റി തന്റെ ടീം പടുത്തുയർത്തുമെന്നാണ് എനിക്ക് തോന്നുന്നത്. സ്വതസിദ്ധമായ കഴിവുകൾ എവിടെയും, ഏത് സമയത്തും വ്യത്യാസം വരുത്താൻ അദ്ദേഹത്തിനു സാധിക്കും. പ്രീമിയർ ലീഗിൽ മികച്ച വിജയങ്ങൾക്കുള്ള പ്രകടനങ്ങൾ നടത്താൻ മെസിക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.” റിവാൾഡോ അഭിപ്രായപ്പെട്ടു.