റിത്വിക്കിന് മത്സരിക്കേണ്ടത് സഹലിനോട്, വേഗതയും നിയന്ത്രണവും ആരേയും വെല്ലും
ഐഎസ്എല്ലില്‍ ഏഴാം സീണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി പന്ത് തട്ടുമെന്ന് ഉറപ്പായ യുവമിഡ്ഫീല്‍ഡര്‍ റിത്വിക് ദാസ് ഇതിനോടകം തന്നെ ഫുട്‌ബോള്‍ ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള താരമായ റിത്വിക് കഴിഞ്ഞ രണ്ടു സീസണുകളിലും റിയല്‍ കാശ്മീരിനൊപ്പമായിരുന്നു. ഡേവിഡ് റോബേര്‍ട്ട്‌സന്‍ പരിശീലിപ്പിക്കുന്ന അവര്‍ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇതു തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെയും ആകര്‍ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ 900 മിനിറ്റിലകം റിത്വിക് റിയല്‍ കാശ്മീരിനായി പന്ത് തട്ടിയിരുന്നു. 11 ലീഗ് മല്‍സരങ്ങളില്‍ ആറിലും അദ്ദേഹം ആദ്യ ഇലവനിലുള്‍പ്പെട്ടിരുന്നു. രണ്ട് അസിസ്റ്റും റിത്വിക് ലീഗില്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡര്‍മാരായ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, ജാക്‌സണ്‍ സിങ് എന്നിവരോടായിരിക്കും ടീമിലെത്തിയാല്‍ സ്ഥാനത്തിനു വേണ്ടി റിത്വിക്കിനു പോരടിക്കേണ്ടിവരിക.
ആക്രമണാത്മക മിഡ്ഫീല്‍ഡറായി കളിക്കാന്‍ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് പശ്ചിമ ബംഗാളിലെ ഒരു ചെറിയ പട്ടണമായ ബര്‍ണ്‍പൂരില്‍ നിന്നാണ് വരുന്നത്. സിഎഫ്എല്‍ ഫസ്റ്റ് ഡിവിഷനിലെ കൊല്‍ക്കത്ത കസ്റ്റംസില്‍ നിന്ന് തന്റെ ഫുട്ബാള്‍ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹന്‍ ബഗന്‍ അക്കാദമിയുടെ ഭാഗമായിരുന്നു.
ഐ-ലീഗിനായി സ്നോ ലിയോപാഡ്സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൊല്‍ക്കത്ത പ്രീമിയര്‍ ഡിവിഷന്‍ ഗ്രൂപ്പ് ബിയില്‍ കാളിഘട്ട് എഫ്‌സിക്കായി കളിച്ചു. 2018 ഡിസംബറില്‍ ഐ-ലീഗില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും, കഴിവും കൊണ്ട് മതിപ്പുളവാക്കി.
‘ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബ്ബിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലൂടെ ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്റെ പ്രൊഫഷണല്‍ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവാണിത്. കെബിഎഫ്‌സിക്ക് വളരെ വലിയ ആരാധകവൃന്ദമുണ്ട്, അവര്‍ക്ക് മുന്നില്‍ കളിക്കുവാനും, പരിശീലകനോടൊപ്പം പ്രവര്‍ത്തിക്കുവാനും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടീമിന് എന്റെ പരമാവധി നല്‍കാനും, ആരാധകര്‍ക്ക് സന്തോഷം നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു. ‘ റിത്വിക് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച എല്‍ക്കോ ഷറ്റോരിയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് മോഹന്‍ ബഗാന് ഐ ലീഗ് കിരീടം നേടിക്കൊടുത്ത കിബു വിക്യുനയാണ്. പുതിയ സീസണില്‍ ആരെയൊക്കെ തനിക്കു ടീമില്‍ വേണമെന്ന് അദ്ദേഹം ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നാണ് സൂചന. ഇവരിലൊരാളാണ് റിത്വിക്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനായാല്‍ അത് തന്റെ പ്രൊഫണല്‍ കരിയറിനെ മറ്റൊരു തരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് താരം.