ഏഴ് പടയാളികള്‍ക്ക് സ്ഥാന കയറ്റം, ബ്ലാസ്റ്റേഴ്‌സ് ഭാവി ഉറപ്പിക്കുന്നത് ഇങ്ങനെ

യുവ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുകയും അവരുടെ പാടവം മിനുക്കുകയും ചെയ്യുന്നതില്‍ ശക്തമായി വിശ്വസിക്കുന്ന ക്ലബ്ബ് എന്ന നിലയില്‍ കെബിഎഫ്സി റിസര്‍വ് ടീമിലെ ഏഴ് യുവപ്രതിഭകളെ ഗോവയില്‍ പ്രീസീസണ്‍ പരിശീലനത്തിനായുള്ള ആദ്യടീമിലേക്ക് തെരഞ്ഞെടുത്തതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു.

ശ്രദ്ധേയമായ സീസണ്‍ പൂര്‍ത്തിയാക്കിയ മുഹീത് ഷാബിര്‍, ഗോട്ടിമയൂം മുക്താസന, ആയുഷ് അധികാരി, നോങ്ഡംബ നഒരേം, ഷെയ്ബോര്‍ലങ് ഖാര്‍പന്‍, കെന്‍സ്റ്റാര്‍ ഖര്‍ഷോങ്, നഒരേം മഹേഷ് എന്നിവര്‍ക്കാണ് ക്ലബ്ബിന്റെ ആദ്യ ടീമില്‍ ഇടം നേടാന്‍ യോഗ്യരാണെന്ന് തെളിയിക്കാനുള്ള അവസരം ഇപ്പോള്‍ ലഭിക്കുക.

ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചക്കായുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും തത്വവും പാലിച്ച് മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന യുവതാരങ്ങള്‍ക്ക്, പ്രശസ്തമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പ്രതിനിധീകരിക്കുന്ന ടീമില്‍ അംഗമാകാന്‍ അവസരം നല്‍കും.

യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നത് പ്രധാന അജണ്ടയാണെങ്കിലും, കളിക്കാരുടെ ഗുണനിലവാരം പ്രധാനഘടകമായി തന്നെ ക്ലബ്ബ് കണക്കാക്കുന്നുണ്ട്. ഇന്ത്യന്‍ ആരോസില്‍ നിന്ന് വായ്പ അടിസ്ഥാനത്തില്‍ എത്തിയ 19കാരനായ ആയുഷ് അധികാരി ഐ ലീഗിലെ കഴിഞ്ഞ സീസണില്‍ ഒട്ടും നിരാശപ്പെടുത്തിയിരുന്നില്ല. 2019-20 സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച താരം 12 മത്സരങ്ങളിലും ആദ്യഇലവനില്‍ ഇറങ്ങി മികച്ച ആക്രമണോത്സുക പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ 1-0ന് വിജയം നേടിയ കളിയിലായിരുന്നു കഴിഞ്ഞ സീസണില്‍ താരത്തിന്റെ മികച്ച പ്രകടനം.

അതേ നിരയില്‍ തന്നെ, വിങിലെ വിദഗ്ധനായ നോങ്ഡംബ നഒരേം 2019-20 ഐ ലീഗ് ജേതാക്കളായ മോഹന്‍ ബഗാനൊപ്പം രണ്ടു ഗോളുകളും അഞ്ച് അസിസ്റ്റുമായി ശ്രദ്ധേയമായ സീസണാണ് കൈവരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ മുഖ്യ പരിശീലകന്‍ കിബു വികുനയക്ക് കീഴില്‍ അനായാസ പദചലനവും വിസ്ഫോടനം സൃഷ്ടിക്കുന്ന വേഗതയും കൊണ്ട് ഇടത് വിങില്‍ നോങ്ഡാംബക്ക് മുഖ്യസ്ഥാനമുണ്ടായിരുന്നു.

അതേസമയം, ഷെയ്ബോര്‍ലങ് ഖാര്‍പന്‍, ഗോട്ടിമയൂം മുക്താസന, മുഹീത് ഷാബിര്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി റിസര്‍വ് ടീമിനൊപ്പമുണ്ട്. നഒരേം മഹേഷ്, കെന്‍സ്റ്റാര്‍ ഖര്‍ഷോങ് എന്നിവര്‍ വായ്പ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സീസണില്‍ ഷില്ലോങ് ലജോങ് എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇരുവരെയും റിസര്‍വ് ടീമിന്റെ ഭാഗമാക്കി ക്ലബ്ബ് സ്ഥിരം കരാര്‍ ഒപ്പുവെയ്ക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ ചാമ്പ്യന്‍ ടീമായി മാറിയ 2019-20 കേരള പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് ഈ അഞ്ചു താരങ്ങളും നടത്തിയത്.

ഒരു ക്ലബ് എന്ന നിലയില്‍ ഞങ്ങളുടെ (കേരള ബ്ലാസ്റ്റേഴ്സ്) യുവ സന്നാഹത്തില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫുട്ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ക്ലബ്ബിന് വേണ്ടി മാത്രമല്ല, രാജ്യത്തിന് കൂടി നിരവധി നേട്ടങ്ങള്‍ സമ്മാനിക്കുന്ന തരത്തില്‍ ഭാവി താരങ്ങളെ പരിപോഷിപ്പിക്കാനാണ് എല്ലായ്പ്പോഴും കെബിഎഫ്സി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിവും നിലാരവുമുള്ള യുവതാരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ രാജ്യത്തെ ഫുട്ബോള്‍ സമൂഹത്തിന് മുന്നില്‍ കാണിക്കാനുള്ള ഒരു വേദി നല്‍കാന്‍ ഞങ്ങള്‍ ദൃഢ നിശ്ചയത്തിലാണ്. കഴിഞ്ഞ ആറു ഐഎസ്എല്‍ സീസണുകളില്‍ മൂന്നു സീസണിലും ലീഗിലെ എമര്‍ജിങ് പ്ലയര്‍ നേട്ടം സ്വന്തമാക്കുന്നതില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ക്ലബ്ബിനുള്ള പ്രതിബദ്ധതയുടെ തെളിവാണിത്. ഈ മഹത്തായ അവസരം വിനിയോഗിച്ച് അവരുടെ ശരിയായ സ്ഥാനത്തിനായി പോരാടാനും ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന് കാണിക്കാനും യുവതാരങ്ങള്‍ക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും മുഹമ്മദ് റഫീഖ് പറഞ്ഞു.

You Might Also Like