25 പോലും തികയാത്ത പയ്യന്‍ ഇത്രയും പക്വത പ്രകടിപ്പിക്കുമ്പോള്‍ അയാള്‍ ലോകം കീഴടക്കും എന്ന കാര്യം ഉറപ്പിക്കാം!
സന്ദീപ് ദാസ്
ഋഷഭ് പന്തിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നോര്‍ത്ത് ഇപ്പോള്‍ എല്ലാ ടീമുകളും തലപുകയ്ക്കുന്നുണ്ടാവും. സകല കീഴ് വഴക്കങ്ങളും കാറ്റില്‍പ്പറത്തി ബാറ്റ് വീശുന്ന വികൃതിയായ നിഷേധി!
നല്ല ടേണ്‍ ലഭ്യമായ ചെന്നൈ പിച്ച്. പന്ത് റഫില്‍ ലാന്‍ഡ് ചെയ്യിക്കുന്ന മോയിന്‍ അലിയും ലീച്ചും. സ്റ്റെപ്പൗട്ട് ഷോട്ടുകളിലൂടെയും റിവേഴ്‌സ് സ്വീപ്പ് കളിച്ചും റണ്‍ വാരുന്ന ഋഷഭും!
രണ്ടാം ദിനത്തില്‍ അക്‌സറിനെയും ഇഷാന്തിനെയും നഷ്ടമായപ്പോള്‍ ഋഷഭ് കാണിച്ച മികവ് അസാമാന്യമായിരുന്നു. ഇംഗ്ലണ്ട് ഫീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ കുത്തിനിറച്ചിട്ടും പൈപ്പ് പൊട്ടിയതുപോലെ റണ്‍ പ്രവഹിച്ചുകൊണ്ടിരുന്നു.
ഒരോവറിന്റെ തുടക്കത്തില്‍ കുല്‍ദീപിന് സ്‌ട്രൈക്ക് കൈമാറിയിടത്ത് മാത്രമാണ് ഋഷഭിന് പിഴച്ചത്. ആ ഓവറില്‍ത്തന്നെ കുല്‍ദീപും സിറാജും ഔട്ടായി. പക്ഷേ ആ പിഴവിനുപോലും വിശദീകരണമുണ്ട്. ഋഷഭ് ഡബിള്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ സിംഗിള്‍ ആയി മാറുകയായിരുന്നു.
അനാവശ്യമായ ഷോട്ട് കളിച്ച് സിറാജ് വിക്കറ്റ് കളഞ്ഞപ്പോള്‍ ഋഷഭ് പ്രകടിപ്പിച്ച നിരാശ ശ്രദ്ധേയമായിരുന്നു. ടീമിനുവേണ്ടി കുറച്ച് റണ്ണുകള്‍ കൂടി നേടാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള അമര്‍ഷമായിരുന്നു അത്.
25 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരു കളിക്കാരന്‍ ഇത്രയും പക്വത പ്രകടിപ്പിക്കുമ്പോള്‍ അയാള്‍ ലോകം കീഴടക്കും എന്ന കാര്യം ഉറപ്പിക്കാം!
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍