ടീം ഇന്ത്യയില്‍ പന്ത് മാത്രമനുഭവിച്ച ചില പ്രിവിലേജുകള്‍

ശ്യാം അജിത്ത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ റിഷഭ് പന്ത് മാത്രമനുഭവിച്ച ചില പ്രിവിലേജുകളുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ അയാളോടാവശ്യപ്പെട്ടത് അമാനുഷിക പ്രകടനങ്ങളായിരുന്നു. കളിക്കിടയില്‍ സംഭവിക്കുന്ന ചെറുപിഴവുകളില്‍ പോലും ഗാലറികളില്‍ നിന്നും അയാളുടെ രക്തത്തിനുവേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നു.

നാഗ്പൂരിലും തിരുവനന്തപുരത്തുമൊക്കെ ഉയര്‍ന്ന ആര്‍പ്പുവിളികളില്‍ നിറഞ്ഞിരുന്നത് അയാളോടുള്ള പരിഹാസമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിച്ചവെച്ചു നടക്കുന്നതിനു മുന്നേ അയാള്‍ക്കു മുന്നിലേക്കു വെച്ചുനീട്ടപ്പെട്ടത് ഏതൊരു യുവതാരവും ആഗ്രഹിക്കുന്നതിനേക്കാള്‍ വലിയ ചുമതലകള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദമായിരുന്നു.

ആ സമ്മര്‍ദ്ദം തന്നെയാവാം മുന്നോട്ടുള്ള അയാളുടെ പാതയില്‍ നിര്‍ണായകമായത്. തുടക്കത്തില്‍ ആ സമ്മര്‍ദ്ദം അയാളുടെ നൈസര്‍ഗികമായ പ്രകടനങ്ങളെ സാരമായി ബാധിച്ചിരുന്നുവെങ്കിലും പതിയെ അയാള്‍ അതിനുമേല്‍ വിജയം നേടാന്‍ തുടങ്ങി. ഏതൊരു യുവതാരത്തിനും ആവോളം പിന്തുണ ലഭിക്കുന്ന ഇന്ത്യന്‍ ഗാലറികളില്‍നിന്നും അനുഭവിച്ച അപമാനത്തേക്കാള്‍ വലുതൊന്നും ഒരു വിദേശ മൈതാനങ്ങളിലും തനിക്കു നേരിടേണ്ടി വരില്ലെന്ന ചിന്തയിലാവാം അയാള്‍ വീണ്ടും ക്രീസില്‍ നിലയുറപ്പിക്കാന്‍ തുടങ്ങിയത്. ഹ്യൂമിലിയേഷന്റെ മറുകരയില്‍ നിന്നും യാത്രതുടങ്ങിയതുകൊണ്ടാവാം റിസ്‌കി ഷോട്ടുകള്‍ കളിക്കുമ്പോള്‍ അയാളുടെ മനസ്സ് തെല്ലും പതറാത്തത്. പക്ഷേ അതായിരുന്നു യഥാര്‍ത്ഥ റിഷഭ് പന്ത്. ആ പന്തിനെയായിരുന്നു ഇന്ത്യക്കും ആവശ്യം.

ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററുടെ കരിയറില്‍ സംഭവിക്കാവുന്ന രണ്ട് എക്‌സ്ട്രീമുകളിലേക്കും സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നതുതന്നെയാണ് റിഷഭ് പന്തിനെ വ്യത്യസ്തനാക്കുന്നത്. ധോണിക്കു പകരക്കാരനാവുമെന്ന പ്രതീക്ഷയില്‍നിന്നും പാഴായിപ്പോവുന്നൊരു പ്രതിഭയെന്നാണ് അയാള്‍ക്കു പകരക്കാരനെ തേടുമ്പോള്‍ മാധ്യമങ്ങള്‍ പന്തിനെ വിശേഷിപ്പിച്ചത്. പക്ഷേ കഥകള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

സിഡ്‌നിയിലെ അതിജീവനത്തില്‍, ഗാബയിലെ പ്രത്യാക്രമണത്തില്‍ എല്ലാം ഇന്ത്യയെ മുന്നില്‍നിന്നു നയിച്ചത് അയാളായിരുന്നു. ഏതുനിമിഷവും പുറത്താവുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നൊരു ബാറ്റ്‌സ്മാനില്‍ നിന്നും ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും വിശ്വസ്ഥരില്‍ ഒരാളെന്ന വിശേഷണത്തിലേക്കാണ് ഓരോ ഇന്നിങ്‌സിനു ശേഷവും അയാള്‍ സഞ്ചരിക്കുന്നത്. ആ യാത്ര അയാള്‍ വിജയകരമായി പൂര്‍ത്തിയാക്കട്ടെ എന്നാവും ഓരോ ഇന്ത്യന്‍ ആരാധകനും ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നതും.

ആ ആഗ്രഹങ്ങള്‍ യഥാര്‍ഥ്യമായാല്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ പാടുപെടുന്ന, പന്തു കയ്യിലൊതുക്കാനുള്ള വിഫല ശ്രമങ്ങളില്‍ നിരാശനാവുന്ന, ഓരോ തീരുമാനവും പിഴച്ചുപോവുമ്പോള്‍ അപഹാസ്യനായി നിന്നിരുന്ന പഴയ റിഷഭ് പന്തില്‍ നിന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കെറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനിലേക്കുള്ള അയാളുടെ പരകായ പ്രവേശമാകും ഈ ദശാബ്ദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പറയുവാന്‍ പോവുന്ന ഏറ്റവും മനോഹരമായ ഫെയറിറ്റെയില്‍.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like