നായകനായി ഇറങ്ങുന്നത് അവനെതിരെയെന്നത് ആവേശം ഇരട്ടിക്കുന്നു, തുറന്ന് പറഞ്ഞ് പന്ത്

Image 3
CricketIPL

ഐപിഎല്ലില്‍ നായകനായി ആദ്യ മത്സരത്തില്‍ ഇറങ്ങുന്നത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് എന്നത് ആവേശം ഇരട്ടിക്കുന്നതായി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. ശ്രേയസ്സ് അയ്യരുടെ പരിക്കിനെ തുടര്‍ന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നായകനായി നിയമിച്ചത്.

തന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ മത്സരം മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണെന്നത് തനിക്ക് കൂടുതല്‍ ആവേശം നല്‍കുന്നുവെന്നും താന്‍ മഹി ഭായിയില്‍ നിന്ന് ഏറെക്കാര്യം പഠിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ ക്യാപ്റ്റനെന്ന തന്റെ ആദ്യ മത്സരം കളിക്കാനാകുന്നത് മികച്ച അനുഭവം ആയിരിക്കുമെന്നും പന്ത് വ്യക്തമാക്കി.

താന്‍ തന്റെ അനുഭവത്തില്‍ നിന്ന് പഠിച്ച കാര്യങ്ങളും ധോണിയില്‍ നിന്ന് പഠിച്ച കാര്യങ്ങളും മത്സരത്തില്‍ പ്രയോഗിക്കുമെന്നും റിഷഭ് പന്ത് വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് പന്തിനെ നായകനായി നിശ്ചയിച്ചത്. ചെന്നൈ ആകട്ടെ കഴിഞ്ഞ സീസണ്‍ മറക്കാനാണ് ആഗ്രഹിക്കുന്നത്. ഐപിഎള്‍ ചരിത്രത്തില്‍ ഇതാദ്യമായി പ്ലേഓഫ് കളിക്കാതെ ചെന്നൈ പുറത്തായത് കഴിഞ്ഞ സീസണിലായിരുന്നു.