പന്തെന്ന തുമ്പിയെ കല്ലെടുപ്പിക്കില്ല, ആ പരീക്ഷണം ഇവിടെ നിര്‍ത്തിയതായി രോഹിത്ത്
![Image 3](https://pavilionend.in/wp-content/uploads/2022/02/pant-and-rohith.jpg)
വെസ്റ്റിന്ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഓപ്പണറാക്കിയുളള പരീക്ഷണം തുടരില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മ്മ. വെസ്റ്റിന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഓപ്പണറായി തന്നെ ശിഖര്‍ ധവാന്‍ തിരിച്ചെത്തുമെന്നും രോഹിത് വ്യക്തമാക്കി.
വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം റിഷഭ് പന്ത് ഓപ്പണറായി ഇറങ്ങിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഈ പരീക്ഷണം അത്ര വിജയിച്ചില്ല. പതിഞ്ഞ താളത്തില്‍ കളിച്ച പന്ത് 34 പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു.
ടീമില്‍ ഓപ്പണറായി കളിച്ച കെഎല്‍ രാഹുല്‍ മധ്യനിരയിലാണ് ഇറങ്ങിയത്. മത്സരത്തില്‍ അതിവേഗം 49 റണ്‍സ് നേടി രാഹുല്‍ മധ്യനരിയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
പന്ത് ഓപ്പണറാകാനുള്ള സാഹചര്യം തമാശ കലര്‍ത്തിയാണ് രോഹിത് ശര്‍മ്മ വിശദീകരിച്ചത്. കൊവിഡ് മുക്തനായ ശിഖര്‍ ധവാന് കുറച്ചു കൂടി വിശ്രമം ലഭിക്കണമെന്ന് കരുതിയാണ് രണ്ടാം ഏകദിനത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്. അവസാന ഏകദിനത്തില്‍ ധവാന്‍ തിരിച്ചെത്തുമെന്നും നായകന്‍ സ്ഥിരീകരിച്ചു. പരമ്പര നേടിക്കഴിഞ്ഞതിനാല്‍ ധവാന്‍ തിരിച്ചത്തുമ്പോള്‍ അവസാന ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെയോ ദീപക് ഹൂഡയേയോ ഒഴിവാക്കിയേക്കും. റിഷഭ് പന്തിന് വിശ്രമം നല്‍കി ഇഷാന്‍ കിഷന് അവസരം നല്‍കുന്നതും തളളിക്കളയാനാകില്ല.
രണ്ടാം ഏകദിനത്തില്‍ 44 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. 9 ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് മാന്‍ ഓഫ് ദ് മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 237 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 64ഉം കെ എല്‍ രാഹുല്‍ 49ഉം റണ്‍സ് നേടി. വിന്‍ഡീസിന്റെ മറുപടി ഇന്നിംഗ്സ് 46 ഓവറില്‍ 193ല്‍ അവസാനിച്ചു. വെള്ളിയാഴ്ചയാണ് അവസാന ഏകദിനം.