അവന്റെ എക്‌സ് ഫാക്ടറെ ലോകം അവിശ്വസനീയതയോടെയാണ് കണ്ടത്, എതിരാളികളുടെ മനസ്സില്‍ അവനെ കുറിച്ച് ഭയം ആണ്

Image 3
CricketIPL

ഷമീന്‍ അബ്ദുല്‍ മജീദ്

‘ദെര്‍ ഈസ് എ ഫൈന്‍ ലൈന്‍ ബിറ്റ് വീന്‍ ഫിയര്‍ലെസ്സ് ആന്‍ഡ് കെയര്‍ലെസ്സ്’ – വിക്രം രാത്തോഡ്

‘പന്തിന്റെ ഷോട്ട് സെലക്ഷന്‍ ടീമിനെ പലപ്പോഴും നിരാശയിലാഴ്ത്തുന്നുണ്ട്’ – രവിശാസ്ത്രി

‘പന്തിന്റെ ക്യാരക്ടറിന് അനുസരിച്ച് അവന്റെ മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കണം’ – യുവ്‌രാജ് സിങ്

‘പന്തിനെ വെറുതെ വിടണം, ഇത്രയും പ്രഷര്‍ അവന്‍ അര്‍ഹിക്കുന്നില്ല’ – രോഹിത് ശര്‍മ

എംഎസ് ധോണിയെന്ന മഹാമേരു വരുത്തിയ വിടവ് അത്രക്ക് വലുതായിരുന്നു. തന്റെ കാലയളവില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണി സൃഷ്ടിച്ചെടുത്ത ലെഗസിയെ ആരാധിച്ചവര്‍ക്ക് മുന്നിലേക്ക് ‘നെക്സ്റ്റ് ബിഗ് തിങ്’ എന്ന ലേബലില്‍ എത്തിയ കൗമാരക്കാരനെ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. കാണികളുടെ പരിഹാസങ്ങള്‍ക്ക് നേരെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വരെ ഒരിക്കല്‍ ക്ഷുഭിതനാവേണ്ടി വന്നു.

നിരന്തരമായ കൂക്കിവിളികള്‍ വേട്ടയാടിയപ്പോള്‍ മാനസികമായി തളര്‍ന്ന പയ്യന്‍ വിക്കറ്റിന് മുന്‍പിലും പിറകിലും സ്വന്തം ഗെയിം പോലും മറന്നു. ഒടുവില്‍ ടീമില്‍ നിന്നും പുറത്തേക്ക്. പന്ത് അവസാനിച്ചു എന്ന് പലരും വിധിയെഴുതിയെങ്കിലും ടീം മാനേജ്‌മെന്റിനും ബാല്യകാല കോച്ചിനും അവനില്‍ പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു.

അവരുടെ സപ്പോര്‍ട്ടിലും ധോണിയല്ല താന്‍ എന്ന തിരിച്ചറിവും അവനില്‍ ആത്മവിശ്വാസം നിറച്ചതോടെ പിന്നീട് ലോകം കണ്ടത് റിഷഭ് പന്ത് 2.0 എന്ന പുതിയ വേര്‍ഷനെ . ആദ്യം മുതല്‍ അടിച്ചു കളിക്കാതെ കുറച്ച് സമയം ക്രീസില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചതോടെ പന്തിന്റെ അപൂര്‍വ്വ ടാലന്റിന്റെ മെഗാഷോക്ക് ലോകം സാക്ഷ്യം വഹിക്കുകയായിരുന്നു.

തോല്‍വിയിലേക്ക് നീങ്ങിയിരുന്ന സിഡ്‌നി ടെസ്റ്റിനെ സമനില അല്ലെങ്കില്‍ വിജയം എന്ന നിലയിലേക്ക് എത്തിച്ചത്, നൂറ്റാണ്ടുകളായി ഓസ്‌ട്രേലിയയെ എതിര്‍ ടീമുകള്‍ നേരിടാന്‍ മടിക്കുന്ന ഗാബ്ബയിലെ 5-ാം ദിന പിച്ചില്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍ കമ്മിന്‍സ് നയിക്കുന്ന ബൗളിങ് നിരയെ പിച്ചിച്ചീന്തിക്കൊണ്ട് ഇന്ത്യക്ക് അപൂര്‍വ്വമായ ഒരു ജയം സമ്മാനിച്ചത്, റിഷഭ് പന്തിലെ എക്‌സ് ഫാക്ടറെ ലോകം അവിശ്വസനീയതയോടെ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റ് ലെജന്‍ഡ് ആയ ആന്‍ഡേഴ്‌സനെ റിവേഴ്‌സ് സ്‌കൂപ്പിലൂടെ ബൗണ്ടറിയിലേക്ക് എത്തിച്ചതും തിരിച്ച് വന്ന രണ്ട് ഏകദിനങ്ങളില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കളിച്ച മികച്ച ഇന്നിങ്‌സുകളും എതിരാളികളുടെ മനസ്സില്‍ ഭയം നിറച്ചു തുടങ്ങിയിരിക്കുന്നു.

ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റുകളിലും ടീമില്‍ നിന്ന് പുറത്തായ അയാള്‍ ഒരു വര്‍ഷത്തിനുളളില്‍ തന്നെ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത പ്ലേയറായി മാറി. ടീം ഷീറ്റില്‍ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കുമൊപ്പം ആദ്യ പേരുകാരനായി അയാളുമുണ്ട്.

റിഷഭ് പന്ത് ……. നാളെയുടെ ക്രിക്കറ്റ് നിങ്ങളുടെ പേരിലാണ് അറിയപ്പെടാന്‍ പോകുന്നത്. താങ്കള്‍ ഇന്ത്യയുടെ മാത്രമല്ല, ലോകക്രിക്കറ്റിന്റെ തന്നെ ഭാവിയാണ്..

ഇന്നിതാ 23-ാം വയസ്സില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും പന്തിനെ തേടിയെത്തിയിരിക്കുന്നു. മികച്ച വിജയങ്ങളോടെ ഭാവി ഇന്ത്യയുടേയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് വരാന്‍ സാധിക്കട്ടെ …

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍