സഞ്ജു പോര, പന്തിനെ കളിപ്പിക്കണം, ചരടുവലിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്

Image 3
CricketTeam India

ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ നിലവില്‍ റിഷഭ് പന്താണെന്നും താരത്തിന് കൂടുതല്‍ അവസരം നല്‍കണമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. ടി-20 മത്സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നില്ല എന്നും പരിശീലന മത്സരത്തില്‍ വൃദ്ധിമാന്‍ സാഹ പൂജ്യത്തിനു പുറത്തായെന്നും ജിന്‍ഡാല്‍ പറഞ്ഞു.

അതിനാലാണ് പന്തിനെ ടീമില്‍ കളിപ്പിക്കണമെന്ന് പറയാന്‍ കാരണമെന്നും ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ജിന്‍ഡാലിന്റെ അഭിപ്രായ പ്രകടനം.

‘എന്റെ അഭിപ്രായത്തില്‍ സഞ്ജു വേണ്ടത്ര ശോഭിക്കുന്നില്ല. സാഹ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. റിഷഭ് പന്തിന് വഴിയൊരുങ്ങുന്നു എന്നല്ലേ അതിന്റെ അര്‍ഥം? നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പന്തിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇടംകയ്യന്‍ ബാറ്റ്‌സ്മാനാണെന്നത് പന്തിന് അനുകൂല ഘടകമാണ്. മാത്രമല്ല, അഞ്ചാം നമ്പറില്‍ കളിപ്പിക്കാന്‍ സ്വാഭാവിക ചോയ്‌സ് കൂടിയാണ് പന്ത്. അവസരം ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.’ ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു.

എംഎസ് ധോണിക്ക് പിന്‍ഗാമി എന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റുകളിലെയും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്ത് ഫോം നഷ്ടപ്പെട്ടാണ് പുറത്തായത്. ലോകകപ്പിനു പിന്നാലെ ലോകേഷ് രാഹുല്‍ പന്തിനെ മറികടന്ന് പരിമിത ഓവര്‍ മത്സരങ്ങളില്‍ ഗ്ലൗ അണിയുകയും ചെയ്തു.

രാഹുലിനു ബാക്കപ്പായി സെലക്ടര്‍മാര്‍ പരിഗണിച്ചത് മലയാളി താരം സഞ്ജു സാംസണിനെയാണ്. ടെസ്റ്റ് സ്‌ക്വാഡില്‍ പന്ത് ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യ പരിശീലന മത്സരത്തില്‍ സാഹയാണ് വിക്കറ്റ് സംരക്ഷിച്ചത്.