അവനെ ടീമിലെത്തിച്ചപ്പോള്‍ വലിയ ഒച്ചപ്പാടുണ്ടായി, വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സെലക്ടര്‍

ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത് ഏറെ നാടകീയമായ സംഭവവികാസങ്ങള്‍ക്ക് ശേഷമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായിരുന്നു എംഎസ്‌കെ പ്രസാദ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് പന്തിനെ പരിഗണിച്ചപ്പോഴാണ് വലിയ കോലാഹലം ഉണ്ടായതായി പ്രസാദ് ഓര്‍മ്മിക്കുന്നത്.

”പന്ത് ഇത്രത്തോളം മികവ് പുറത്തെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. സെലക്ഷന്‍ സമയത്ത് പന്തിന് വെല്ലുവിളി നല്‍കുന്ന വിക്കറ്റുകളില്‍ വിക്കറ്റ് കാക്കാനാവില്ലെന്നും പലരും പറഞ്ഞു. മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നും അഭിപ്രായമുണ്ടായി’ പ്രസാദ് വെളിപ്പെടുത്തുന്നു.

‘എല്ലാത്തിനുമുള്ള മറുപടിയായിരുന്നു പന്തിന്റെ പ്രകടനം. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും വെല്ലുവിളി നിറഞ്ഞ പിച്ചില്‍ പന്ത് എങ്ങനെയാണ് കളിച്ചതെന്ന് നോക്കൂ. ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ കുത്തിത്തിരിയുന്ന പിച്ചുകള്‍ അദ്ദേഹം നന്നായി കീപ്പ് ചെയ്തു. മികച്ച താരങ്ങളെ തിരിച്ചറിയുന്നതിലാണ് ഒരു സെലക്ടറുടെ കഴിവ്.’ പ്രസാദ് കൂട്ടിചേര്‍ത്തു.

നേരിട്ട രണ്ടാം പന്ത് തന്നെ സിക്സടിച്ചാണ് റിഷഭ് പന്ത് ടെസ്റ്റ് കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു പന്തിന്റെ അരങ്ങേറ്റം. അരങ്ങേറത്തിന് ശേഷം ഇടയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത താരമാണ് പന്ത്. ഓസ്ട്രേലിയില്‍ പരമ്പര നേട്ടത്തില്‍ പന്തിന് നിര്‍ണായക പങ്കുണ്ട്. ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും പന്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

You Might Also Like