പവലിന്റെ വെടിക്കെട്ട്, ഉള്ളിന്റെ ഉള്ളില്‍ താന്‍ ഹാപ്പിയായിരുന്നെന്ന് പന്ത്

Image 3
CricketTeam India

രണ്ടാം ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനായി റോവ്മാന്‍ പവല്‍ കാഴ്ച്ചവെച്ച വെടിക്കെട്ട് പ്രകടനത്തിനെ കുറിച്ച് രസകരമായ പ്രതികരണവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ്. പവലിന്റെ വെടിക്കെട്ടില്‍ ഉളളിന്റെ ഉളളില്‍ താന്‍ സന്തോഷവാനായിരുന്നെന്നാണ് പന്ത് വെളിപ്പെടുത്തിയത്. അതിനുളള കാരണവും പന്ത് വിശദമാക്കുന്നുണ്ട്.

‘ബുള്ളറ്റുകള്‍ പോലെയാണ് പവല്‍ ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നത്. ഉള്ളിന്റെയുള്ളില്‍ ഞാന്‍ ഹാപ്പിയായിരുന്നു, കാരണം അവന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കാന്‍ പോകുന്നത്. എന്നാല്‍ എന്തുതന്നെയായാലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ എല്ലാ മത്സരവും വിജയിക്കണം’ മത്സരശേഷം റിഷഭ് പന്ത് പറഞ്ഞു.

‘ടീം ആവശ്യപെടുന്നിടത്തോളം ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ബോളിനനുസരിച്ച് കളിക്കാന്‍ മാത്രമാണ് ഞാനും വെങ്കടേഷ് അയ്യരും തമ്മില്‍ സംസാരിച്ച ഒരേയൊരു കാര്യം. എല്ലാ മത്സരങ്ങളും കളിക്കുകയെന്നത് എളുപ്പമല്ല. പക്ഷേ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ ആഗ്രഹിച്ചത് ഇതാണ്, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് ഞാനേറെ ആസ്വദിക്കുന്നു’ റിഷഭ് പന്ത് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ 36 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും അടക്കം പുറത്താകാതെ 68 റണ്‍സാണ് പവല്‍ നേടിയത്. എന്നാല്‍ പവലിന്റെ വെടിക്കെട്ടിനും വിന്‍ഡീസിനെ ജയിപ്പിക്കാനായില്ല. എട്ട് റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് തോറ്റത്.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ 2.80 കോടിയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പവലിനെ സ്വന്തമാക്കിയത്.