പരസ്യമായി ഏറ്റുമുട്ടി പന്തും സ്റ്റോക്‌സും, നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി ചെപ്പോക്ക്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ചില നാടകീയ കാഴ്ച്ചകള്‍ക്കും വേദിയായി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും തമ്മല്‍ നേര്‍ക്കുനേര്‍ വാക്‌പോരിലേര്‍പ്പെടുകയായിരുന്നു. ആദ്യ ദിനത്തെ കളി അവസാനിക്കാന്‍ ഓവറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്.

ജോ റൂട്ടിന്റെ ഓവറില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ഒന്നാം സ്ലിപ്പിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്സ് അനാവശ്യമായി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. റിഷഭ് പന്തിനെ ലക്ഷ്യമാക്കി ഓരോന്ന് വിളിച്ചുപറയുകയായിരുന്നു സ്റ്റോക്സ്.

ഇതോടെ പന്ത് ബാറ്റ് ചെയ്യുന്നത് നിര്‍ത്തി സ്റ്റോക്സിന് അഭിമുഖമായി നിന്നു. സ്റ്റോക്സ് സംസാരം നിര്‍ത്തിയ ശേഷമാണ് പന്ത് ബാറ്റ് ചെയ്യാന്‍ തുടങ്ങിയത്.

എന്നാല്‍ പിന്നീടും സ്റ്റോക്സ് പന്തിന് നേരെ തിരിഞ്ഞു. പന്തും തിരിച്ച് പറയാന്‍ തുടങ്ങിയതോടെ രണ്ട് ഫീല്‍ഡ് അംപയര്‍മാരും എത്തി രംഗം ശാന്തമാക്കി.

അതേസമയം രണ്ടാം ടെസ്റ്റില്‍ രോഹിതിന്റേയും രഹാനെയുടേയും പ്രകടനമൊഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് ആഹ്ലാദിക്കാനൊന്നുമില്ല. ആറ് വിക്കറ്റിന് 300 റണ്‍സെടുത്ത ഇന്ത്യയ്ക്കായി 33 റണ്‍സെടുത്ത റിഷഭ് പന്തും അഞ്ച് റണ്‍സെടുത്ത അക്സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.

You Might Also Like