ഞെട്ടിപ്പിച്ച് പന്ത്, സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍

Image 3
CricketTeam India

സിഡ്നി ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ തേടി ഒരു പിടി റെക്കോര്‍ഡുകള്‍. എം എസ് ധോണി അടക്കമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ പിന്നിലാക്കിയാണ് പന്ത് റെക്കോര്‍ഡ് നേട്ടം ആഘോഷിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ താരം സയ്യിദ് കിര്‍മാനിയെയാണ് പന്ത് മറികടന്നത്. 17 ഇന്നിംഗ്സില്‍ 487 റണ്‍സ് നേടിയിരുന്ന കിര്‍മാനിയെ വെറും 10 ഇന്നിംഗ്സ് കൊണ്ടാണ് പന്ത് പിന്നിലാക്കിയത്. മുന്‍ നായകന്‍ കൂടിയായ എം എസ് ധോണിക്ക് 18 ഇന്നിംഗ്സില്‍ 318 റണ്‍സ് മാത്രമേയുള്ളൂ.

ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ നാലാം ഇന്നിംഗ്സിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡും പന്ത് അടിച്ചെടുത്തു. 2018ല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ പന്ത് തന്നെ കുറിച്ച 114 റണ്‍സാണ് ഒന്നാമത് എന്നതും ശ്രദ്ധേയമാണ്. ലോര്‍ഡ്സില്‍ 2007ല്‍ എം എസ് ധോണി നേടിയ 76 റണ്‍സാണ് പട്ടികയില്‍ മൂന്നാമത്.

മത്സരത്തില്‍ 118 പന്തില്‍ നിന്നാണ് പന്ത് 97 റണ്‍സ് നേടിയത്. സാവധാനം തുടങ്ങി ഗിയര്‍ മാറ്റി അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കവേയായിരുന്നു പുറത്താകല്‍. നാലാം വിക്കറ്റില്‍ പൂജാരയ്ക്കൊപ്പം നിര്‍ണായക 148 റണ്‍സ് ചേര്‍ക്കാന്‍ പന്തിനായി. സിഡ്നി ഇന്നിംഗ്സോടെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് കരിയറില്‍ 56.88 ശരാശരിയില്‍ 512 റണ്‍സായി പന്തിന്റെ അക്കൗണ്ടില്‍.