‘വിമർശനങ്ങളാണ് അയാൾക്കെന്നും ഊർജ്ജം’; റൊണാൾഡോ ഇതിഹാസമാവുന്നത് ഇങ്ങനെയെന്ന് സഹതാരം

കഴിഞ്ഞ ദശാബ്ദത്തിലധികമായി ഫുട്ബോൾ ലോകത്തെ വലിയ ചർച്ചയും വിവാദവുമാണ് ആരാണ് ഫുട്ബോൾ ലോകത്തെ രാജാവ് എന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോളർമാരായ മെസ്സിയാണോ, റൊണാൾഡോ ആണോ വമ്പൻ എന്നതിൽ ഫുട്ബോൾ പണ്ഡിതർക്കിടയിൽ പോലും വലിയ തർക്കം നിലനിൽക്കുന്നുണ്ട്.


ഈയിടെ ഇംഗ്ലീഷ് മുൻ താരവും, കമന്റേറ്ററുമായ ഗാരി ലിനേക്കർ ഇക്കാര്യത്തിൽ റൊണാൾഡോയെ തള്ളി രംഗത്തെത്തിയിരുന്നു. മെസിയാണ് മികച്ച ഫുട്ബോളർ എന്നായിരുന്നു മെസ്സി ഫാനായ ലിനേക്കറുടെ അഭിപ്രായം. എന്നാൽ ഇത്തരം വിമർശനങ്ങൾ റൊണാൾഡോയെ തെല്ലും തളർത്തില്ലെന്നാണ് മാഞ്ചസ്റ്ററിൽ റൊണാൾഡോയുടെ സഹതാരമായിരുന്ന റിയോ ഫെർഡിനാൻഡ് പറയുന്നത്.


ഇത്തരം വിമർശനങ്ങളാണ് ഏറ്റവും മികച്ച താരമായിരിക്കാൻ റൊണാൾഡോയെ എല്ലാ കാലത്തും പ്രചോദിപ്പിച്ചത് എന്നാണ് ഫെർഡിനാൻഡ് പറയുന്നത്. ലിനേക്കറുമായി ബിബിസിയിൽ നടന്ന സംഭാഷണത്തിൽ ഫെർഡിനാൻഡ് പറയുന്നതിങ്ങനെ;

വിമർശനങ്ങൾ ഊർജ്ജമായി ഉൾക്കൊള്ളുന്ന കാര്യത്തിൽ യുവതാരങ്ങൾക്ക് മികച്ച മാതൃകയാണ് റൊണാൾഡോ. നിങ്ങൾ (ലിനേക്കർ) മെസ്സിയാണ് മികച്ച താരമെന്ന് പറഞ്ഞത് റൊണാൾഡോയുടെ ശ്രദ്ധയിൽ പെട്ടാൽ അദ്ദേഹം എന്നെ വിളിച്ചു എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചേക്കാം.

എന്നാൽ പിന്നീടുള്ള നിമിഷം മുതൽ കൂടുതൽ മെച്ചപ്പെടാനായി കഠിനമായ പരിശീലനത്തിലേക്ക് അദ്ദേഹം കടക്കും. അങ്ങനെയാണ് അയാൾ ലോകത്തെ മികച്ച താരമായി ഇപ്പോഴും തുടരുന്നത്. ഫെർഡിനാൻഡ് പറയുന്നു.


തന്റെ അഞ്ചാം യൂറോയിൽ മികച്ച ഫോമിൽ കളിക്കുന്ന റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ടീമിനെ പ്രീ ക്വാർട്ടറിൽ എത്തിച്ചിരുന്നു. ഇരട്ടഗോളുകളോടെ പുരുഷ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായും താരം മാറി. പ്രീക്വാർട്ടറിൽ ബെൽജിയമാണ് പോർച്ചുഗലിന്റെ എതിരാളികൾ.

You Might Also Like