അടുത്ത ഒളിമ്പിക്‌സില്‍ ക്രിക്കറ്റുണ്ടാകും, ആവേശമടക്കാനാകാതെ ക്രിക്കറ്റ് ലോകം
ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്. 1900-ന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ തിരിച്ചെത്തുന്നത്. 2023 ഒക്ടോബറില്‍ മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷനിലാണ് ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ഔദ്യോഗികമായി തീരുമാനിച്ചത്.
‘ക്രിക്കറ്റിന് ഇത് വളരെ നല്ല കാര്യമാണ്. കഴിഞ്ഞ 15-20 വര്‍ഷമായി ഞാന്‍ വിവിധ കമ്മിറ്റികളില്‍ അംഗമായിരുന്നപ്പോള്‍, ക്രിക്കറ്റിനെ എങ്ങനെ ഒളിമ്പിക്‌സില്‍ തിരികെ കൊണ്ടുവരാം എന്നത് എല്ലായ്‌പ്പോഴും ചര്‍ച്ചാവിഷയമായിരുന്നു. ഒടുവില്‍ അത് സാധ്യമായിരിക്കുന്നു’ പോണ്ടിംഗ് പറഞ്ഞു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ (എംഎല്‍സി) സഹായത്തോടെ യുഎസില്‍ ക്രിക്കറ്റ് കൂടുതല്‍ ജനപ്രിയമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
‘ഇനി വെറും നാല് വര്‍ഷം മാത്രമാണ് മുന്നിലുളളത്. അപ്പോഴേക്കും യുഎസില്‍ എംഎല്‍സി വളര്‍ന്നിട്ടുണ്ടാകും. ഒരുപക്ഷേ കൂടുതല്‍ ടീമുകള്‍ പോലും ഉണ്ടായേക്കാം. ഒളിമ്പിക്‌സ് ക്രിക്കറ്റിന് യുഎസില്‍ അടിത്തട്ടില്‍ വേരുറപ്പിക്കാനുള്ള അവസരം നല്‍കുമെന്ന് ഞാന്‍ കരുതുന്നു. ഒളിമ്പിക്‌സിന്റെ പ്രത്യേകത അത് ആതിഥേയ രാജ്യത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള കാണികളെയാണ് ലക്ഷ്യമിടുന്നത് എന്നതാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒളിമ്പിക്‌സ് ക്രിക്കറ്റിനെ പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കും: പോണ്ടിംഗ്
ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുന്നത് ഈ കായിക വിനോദത്തെ പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും അത് ക്രിക്കറ്റിന് വളരെ നല്ല കാര്യമാണെന്നും പോണ്ടിംഗ് പറഞ്ഞു.
‘ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഒളിമ്പിക്‌സ് കാണുന്നു. അതിനാല്‍ ക്രിക്കറ്റ് പുതിയ പ്രേക്ഷകരിലേക്ക് എത്തും. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കായിക വിനോദത്തിന് ഇത് വളരെ നല്ല കാര്യമാണ്’ പോണ്ടിംഗ് വിലയിരുത്തി.
അടുത്തിടെ യുഎസ്എയില്‍ നടന്ന ടി20 ലോകകപ്പില്‍ ക്രിക്കറ്റ് മികച്ച പ്രതികരണമാണ് നേടിയത്. ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത് അമേരിക്കന്‍ മാധ്യമങ്ങളെ പോലും അമ്പരപ്പിച്ചിരുന്നു. അതിനാല്‍, ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ലോസ് ഏഞ്ചല്‍സില്‍ ക്രിക്കറ്റ് ടി20 ഫോര്‍മാറ്റിലാകും നടക്കുക.